 
കരുനാഗപ്പള്ളി: വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും കരുനാഗപ്പള്ളിയിൽ പൂർത്തിയായി. കരുനാഗപ്പള്ളി നഗരസഭയുടെ വോട്ടെണ്ണൽ ടൗൺ എൽ.പി സ്കൂളിലും ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരസഭയുടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 5 ടേബിളുകളുണ്ട്. രാവിലെ 7 മണിക്ക് തന്നെ ജീവനക്കാർ കൗണ്ടിംഗ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യും. ഇതിന്റെ ഭാഗമായി സ്ഥാനാർത്ഥികളും ചീഫ് ഏജന്റുമാരും കൗണ്ടിംഗ് ഏജന്റുമാരും റിപ്പോർട്ട് ചെയ്യണം. ഒന്ന്,രണ്ട് ,മൂന്ന് , നാല്, അഞ്ച് എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ. ഒരു സമയം 5 സ്ഥാനാർത്ഥികൾക്കും അവരുടെ ചീഫ് ഏജന്റിനും കൗണ്ടിംഗ് ഏജന്റിനും വോട്ടെണ്ണൽ കേന്ദ്രത്തിൽ നിൽക്കാം. ഇതു കഴിയുമ്പോൾ അടുത്ത അഞ്ച് ഡിവിഷനുകളിലെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റാണ് എണ്ണുന്നത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കുറ്റമറ്റ പൊലീസ് സംവിധാനമാണ് രണ്ട് സ്ഥലങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ളത്.പാർട്ടി പ്രവർത്തകർക്ക് വോട്ടെണ്ണൽ കേന്ദത്തിന്റെ അടുക്കൽ എത്താൻ കഴിയാത്ത വിധമാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൊണ്ടായിരിക്കും വോട്ടെണ്ണൽ നടത്തുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.