 
കൊല്ലം: മുൻ മുനിസിപ്പൽ ചെയർമാനും ക്യു.എ.സി പ്രസിഡന്റുമായിരുന്ന കെ. തങ്കപ്പന്റെ അഞ്ചാം ചരമവാർഷിക ദിനം സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആചരിച്ചു. കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ക്യു.എ.സി റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം പോളയത്തോട് സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ സമ്മേളനം മുതിർന്ന സി.പി.എം നേതാവ് പി.കെ. ഗുരുദാസൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അഡ്വ. വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വരദരാജൻ, എം.എച്ച്. ഷാരിയർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റ്, പ്രസന്ന ഏണസ്റ്റ്, ഉളിയക്കോവിൽ ശശി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എ.എം. ഇക്‌ബാൽ സ്വാഗതവും ലോക്കൽ സെക്രട്ടറി പി. അനിത് നന്ദിയും പറഞ്ഞു.