punalur
ആര്യങ്കാവ്,അച്ചൻകോവിൽ ശ്രീശാസ്താ ക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു.

പുനലൂർ: ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീശാസ്താ ക്ഷേത്രങ്ങളിലെ തിരുവാഭരണ ഘോഷയാത്ര നടന്നു. ഇന്നലെ രാവിലെ 10 ന് പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആടയാഭരണങ്ങൾ കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തജനങ്ങൾക്ക് ദർശനത്തിന് വച്ചു. 10.50 ന് ക്ഷേത്രം മേൽ ശാന്തി കൃഷ്ണൻ പോറ്റി പേടകങ്ങളിൽ ആരതി ഉഴിഞ്ഞ് ദീപാരാധന നടത്തിയതോടെ ശരണം വിളികളുടെയും വായ്ക്കുരവയുടെയും അകമ്പടിയിൽ പേടകങ്ങൾ ഭക്തർ തല ചുമടായി എടുത്തു. അച്ചൻകോവിൽ ക്ഷേത്രത്തിലേയ്ക്കുള്ള പേടകങ്ങൾ ഉണ്ണികൃഷ്ണപിള്ളയും അനന്തപത്മനാഭനും ആര്യങ്കാവിലേക്കുള്ള പേടകങ്ങൾ ഭക്തവത്സലനും എടുത്ത് വാഹനങ്ങളിലേക്ക് എത്തിച്ചു.അച്ചൻകോവിലിലേക്കുള്ള ഘോഷ യാത്ര അലിമുക്ക്, കറവൂർ, ചെമ്പനരുവി, കോട്ടമല ,കാന്തമല ശിവക്ഷേത്രം വഴി വൈകിട്ട് 5.30ന് അച്ചൻകോവിൽ ഹൈസ്കൂൾ ജംഗ്ഷനിൽ എത്തി. ആര്യങ്കാവിലേക്കുള്ള ഘോഷ യാത്ര കലയനാട്,ഇടമൺ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം വഴി ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. അച്ചൻകോവിലിൽ എത്തിയ ഘോഷ യാത്രയെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ 6 ന് കറുപ്പസ്വാമി ക്ഷേത്രത്തിൽ എത്തിച്ചു. ക്ഷേത്ര പൂജാരി സത്യശീലൻ പിള്ള പൂജകൾ നടത്തി പേടകങ്ങൾ അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിമാരായ രാജേഷ് എമ്പ്രാതിരി ,സുമേഷ് നമ്പൂതിരി ,വിമൽദാസ് നമ്പൂതിരി തുടങ്ങിയവർ ഏറ്റുവാങ്ങി പേടകങ്ങൾ തുറന്ന് തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി.ആര്യങ്കാവിലെത്തിയ ഘോഷയാത്ര ക്ഷേത്ര ഗോപുരനടയിൽ വൈകിട്ട് 6ന് ക്ഷേത്ര മേൽശാന്തിമാരായ അനീഷ് നമ്പൂതിരിയും ശംഭു പോറ്റിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പന് ചാർത്തി.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം

അച്ചൻകോവിൽ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് ഇന്ന് രാവിലെ കൊടിയേറ്റ് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള കറുപ്പൻ തുള്ളൽ, രഥോത്സവം, ചപ്രം എഴുന്നെള്ളത്ത് തുടങ്ങിയ ചടങ്ങുകൾ ഇത്തവണ ഉണ്ടാകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ആര്യങ്കാവിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള തൃക്കല്യാണം, പാണ്ഡ്യൻ മുടിപ്പ് ചടങ്ങുകളും മുൻ വർഷങ്ങളിലെ പോലെ നടക്കും. തിരുവാഭരണ ഘോഷ യാത്രാ ചടങ്ങുകൾക്ക് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണ കുമാര വാര്യർ, അസി.കമ്മിഷണർ ജെ.ജയപ്രകാശ്, അച്ചൻകോവിൽ സബ്‌ ഗ്രൂപ്പ് ഓഫീസർ ലാൽ കുമാർ, ആര്യങ്കാവ് സബ് ഗ്രൂപ്പ് ഓഫീസർ ആർ.വിനോദ് കുമാർ, പുനലൂർ, അച്ചൻകോവിൽ, തെന്മല പൊലീസ് തുടങ്ങിയവർ നേതൃത്വം നൽകി.