 
കരുനാഗപ്പള്ളി: കൊവിഡിനെ തുടർന്ന് പൂട്ടിയ ഓഡിറ്രോറിയങ്ങൾ കടക്കെണിയുടെ പിടിയിൽ. ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വായ്പ എടുത്താണ് മിക്ക ഓഡിറ്രോറിയങ്ങളും നിർമ്മിച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്ന് വരുമാനം നിലച്ചതാണ് ഓഡിറ്റോറിയം ഉടമകളെ പ്രതിസന്ധിയിലാക്കിയത്. ബാങ്കുകളിൽ നിന്നും വായ്പ എടുത്ത തുക മാസങ്ങളായി അടയ്ക്കാൻ കഴിയുന്നില്ല. മുതലും പലിശയും പിഴപ്പലിശയും കുമിഞ്ഞ് കൂടുകയാണ്. കൂടാതെ ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ നികുതിയിനങ്ങളിൽ ഭീമമായ സംഖ്യയാണ് അടയ്‌ക്കേണ്ടത്.ഇതിനെ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ഉടമകൾ.കൊവിഡ് ഭീതിയിൽ ഓഡിറ്റോറിയങ്ങളിലെ കല്ല്യാണങ്ങളും ആഘോഷങ്ങളും ആളുകൾ പാടേ ഉപേക്ഷിക്കുകയാണ്
തൊഴിലാളികളും പട്ടിണിയിൽ
ഓഡിറ്റോറിയങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കുടുംബങ്ങളും പട്ടിണിയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ കല്യാണങ്ങൾ ഉൾപ്പടെയുള്ള ഒരു ആഘോഷവും ഓഡിറ്റോറിയങ്ങളിൽ വെച്ച് നടത്തിയിട്ടില്ല. പല ഓഡിറ്റോറിയങ്ങളും പൂട്ട് വീണതിൽ പിന്നെ തുറന്നിട്ടേയില്ല. ഓഡിറ്റോറിയങ്ങളുടെ പരിസരം കാടുകൾ വളർന്ന് നിൽക്കുന്നു. മാസങ്ങളായി തുറക്കാതെ കിടക്കുന്ന ഓഡിറ്റോറിയങ്ങൾ ഇനി പ്രവർത്തന സജ്ജമാക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കി മെയിന്റനൻസ് ചെയ്യേണ്ടതുണ്ട്.
മംഗള കർമ്മങ്ങൾ അരാധാനാലയങ്ങളിൽ
ഓഡിറ്റോറിയങ്ങൾ ഇനി മുതൽ ഫലപ്രദമായി നടത്താൻ കഴിയുകയില്ലെന്ന് മനസിലാക്കിയ ഉടമകൾ ഓഡിറ്റോറിയങ്ങളെ മറ്റ് വ്യവസായ സംരംഭകർക്ക് നൽകാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ മംഗള കർമ്മങ്ങൾ എല്ലാം അരാധാനാലയങ്ങളിൽ വെച്ച് നടത്തുന്നതിനാൽ സാമ്പത്തിക മെച്ചവുമുണ്ട്. കൂടുതൽ ആളുകളും ഇപ്പോൾ വിവാഹം ഉൾപ്പടെയുള്ള കർമ്മങ്ങൾക്ക് ക്ഷേത്രങ്ങളെയും മറ്റുമാണ് ആശ്രയിക്കുന്നത്.