c

കൊല്ലം: രാഷ്ട്രീയമായി ഒട്ടേറെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടുകൂടി ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ സീറ്റ് പോലും യു.ഡി.എഫിന് നഷ്ടമായി. 2015ലെ ഇടതുതരംഗത്തിൽ പോലും നാല് സീറ്റ് നേടിയ മുന്നണി ഇക്കുറി അതിൽ ഒരെണ്ണം കൂടി നഷ്ടപ്പെടുത്തി വെറും മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങി. കലയപുരം, ചവറ, വെട്ടിക്കവല ഡിവിഷനുകൾ നിലനിറുത്താനായെങ്കിലും കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന തേവലക്കര ഡിവിഷൻ യു.ഡി.എഫിനെ കൈയൊഴിഞ്ഞു. കിട്ടിയ മൂന്ന് സീറ്റുകളിൽ ചവറ ആർ.എസ്.പിയുടേതാണ്. കലയപുരവും വെട്ടിക്കവലയും മാത്രമാണ് കോൺഗ്രസിന്റേത്. ഇടതുമുന്നണിയിൽ നിന്ന് ഒരൊറ്റ സീറ്റുപോലും പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കോൺഗ്രസിലെ ഗ്രൂപ്പുകളികളും പടലപ്പിണക്കങ്ങളും വിമതശല്യവുമാണ് യു.ഡി.എഫിനെ ദയനീയ പരാജയത്തിലേയ്ക്ക് നയിച്ചതെന്ന് വിലയിരുത്തലുണ്ട്. യു.ഡി.എഫിന് പ്രകടന പത്രിക പോലുമില്ലെന്ന ഇടത് ആക്ഷേപം കുറിക്കുകൊള്ളുകയും ചെയ്തു.