
 അഞ്ചാംതവണയും എൽ.ഡി.എഫ് ഭരണത്തിൽ
 16ൽ നിന്ന് ഒൻപതിലേക്ക് ചുരുങ്ങി യു.ഡി.എഫ്
 ബി.ജെ.പിയുടെ സീറ്റ് രണ്ടിൽ നിന്ന് ആറായി
കൊല്ലം: തുടർച്ചയായി അഞ്ചാംതവണയും കൊല്ലം നഗരസഭാ ഭരണം കൈവെള്ളയിലാക്കി എൽ.ഡി.എഫ്. കൊല്ലം കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് ഇക്കുറി ഭരണം നിലനിറുത്തിയത്.
എൽ.ഡി.എഫ് സീറ്റുകൾ കഴിഞ്ഞ തവണത്തെ 36ൽ നിന്ന് ഇത്തവണ 39 ആയി ഉയർന്നു. യു.ഡി.എഫിന്റെ സീറ്റുകൾ 16ൽ നിന്ന് ഒൻപതായി താഴ്ന്നു. അതേസമയം ബി.ജെ.പി രണ്ട് സീറ്റുകളിൽ നിന്ന് ആറിലേക്ക് ഉയർന്നിട്ടുണ്ട്. ചാത്തിനാംകുളം ഡിവിഷൻ കഴിഞ്ഞതവണത്തേത് പോലെ എസ്.ഡി.പി.ഐ നിലനിറുത്തി.
യു.ഡി.എഫിന്റെ എട്ട് സീറ്റുകളും ബി.ജെ.പിയുടെ ഒരു സീറ്റും എൽ.ഡി.എഫ് പിടിച്ചെടുത്തു. വലിയ തകർച്ചയ്ക്കിടയിലും എൽ.ഡി.എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു. കഴിഞ്ഞതവണ വിജയിച്ച തിരുമുല്ലവാരം നഷ്ടമായെങ്കിലും എൽ.ഡി.എഫിന്റെ നാല് സിറ്റിംഗ് സീറ്റുകളിലും യു.ഡി.എഫിന്റെ കൈയിലായിരുന്ന ഒരു ഡിവിഷനിലും ബി.ജെ.പി അട്ടിമറി വിജയം നേടി.
സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം
നഗരസഭയിൽ സി.പി.എം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും സ്വന്തമാക്കി. 55 സീറ്റുകളുള്ള നഗരസഭയിൽ 28 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സി.പി.എം 29 സീറ്റുകളിൽ വിജയിച്ചു.
എൽ.ഡി.എഫ്
സി.പി.എം - 29
സി.പി.ഐ - 10
യു.ഡി.എഫ്
കോൺഗ്രസ് - 6
ആർ.എസ്.പി - 3
എൻ.ഡി.എ
ബി.ജെ.പി - 6
എസ്.ഡി.പി.ഐ - 1