koodam

തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളും സംബന്ധിച്ച പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന് സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ നീക്കം. കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിയെടുക്കലിലും ദുരൂഹമരണങ്ങളിലും ലോക്കൽ പൊലീസിനെ പരാതിയുമായി സമീപിച്ച പൊതുപ്രവർത്തകനും സി.പി.എം കാലടി മരുതൂർക്കടവ് ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അനിൽ ആർ. കാലടിയാണ് സി.ബി.ഐ അന്വേഷണത്തിനായി നിയമ നടപടികൾ കൈക്കൊളളാൻ തയ്യാറെടുക്കുന്നത്.

ലോക്കൽ പൊലീസും പ്രത്യേക പൊലീസ് സംഘവും മാസങ്ങളായി അന്വേഷിച്ചിട്ടും സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളും തെളിയിക്കാത്ത സാഹചര്യത്തിലാണ് ഇത്. സ്വത്ത് തട്ടിപ്പ് കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുന്ന സാഹചര്യം കൂടി ഉണ്ടായതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ തൃപ്തികരമല്ലെന്ന കാരണത്താലാണ് സി.ബി.ഐയുടെ സഹായം തേടാൻ ആലോചിക്കുന്നതെന്ന് അനിൽ 'കേരളകൗമുദി ഫ്ളാഷി"നോട് വെളിപ്പെടുത്തി.

ഒരു വർഷം മുമ്പ് അനിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്ത കേസാണ് ഒച്ചുതോൽക്കും വേഗത്തിൽ ഇഴയുന്നത്. കൂടത്തിൽ തറവാട്ടുവകയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന കോടിക്കണക്കിന് രൂ പയുടെ ഭൂസ്വത്തുക്കൾ വ്യാജ രേഖ ചമച്ച് കൈവശപ്പെടുത്തിയെന്നും വിറ്റഴിച്ചെന്നുമുള്ള ആരോപണത്തെ തുടർന്നുള്ള അന്വേഷണമാണ് എങ്ങുമെത്താതെ നീളുന്നത്. തറവാട്ടിൽ ഏറ്റവും ഒടുവിൽ മരണമടഞ്ഞ ജയമാധവൻനായരുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന ചില തെളിവുകളും സൂചനകളും പുറത്തുവന്നെങ്കിലും അതിലും മതിയായ അന്വേഷണമില്ല. കേസിലെ കള്ളക്കളികളെപ്പറ്റി 'ഫ്ളാഷി' നോട് മനസ് തുറക്കുകയാണ് പരാതിക്കാരനായ അനിൽ. ആർ കാലടി..

പരാതി നൽകാൻ കാരണം

അവകാശികളില്ലാതെ, സർക്കാരിന് മുതൽക്കൂട്ടാകേണ്ട കോടികളുടെ സ്വത്തുക്കൾ ചില വ്യക്തികൾ വ്യാജരേഖ ചമച്ച് കൈവശം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്നത് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2018 ജൂൺ 19ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും റവന്യൂ ഇന്റലിജൻസും അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടശേഷമാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പരാതിയിലെ പരാമർശങ്ങൾ വസ്തുതാപരമാണെന്ന് ബോദ്ധ്യപ്പെടുന്ന നിരവധി തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചെങ്കിലും ആരോപണ വിധേയരെ ശരിയായ വിധത്തിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

എന്നിട്ടും ഒന്നുമുണ്ടായില്ല

കൂടത്തിൽ വക സ്വത്തുക്കൾ കൈവശത്തിലാക്കാൻ ഉപയോഗിച്ച വിൽപത്രം തയ്യാറാക്കിയതിലെ ക്രമക്കേടുകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. തറവാട്ടിൽ അവസാനം മരണപടഞ്ഞ ജയമാധവൻ നായരാണ് വിൽപത്രം തയ്യാറാക്കിയതെന്നാണ് കാര്യസ്ഥനായ രവീന്ദ്രൻനായർ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ജയമാധവൻനായർ നഗരത്തിലെ ഒരു മനോരോഗ വിദഗ്ദ്ധന്റെ ചികിത്സയിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മനോരോഗത്തിന് ചികിത്സയിലുള്ള ആളുടെ വിൽപത്രത്തിന് നിയമപരമായ സാധുത ഇല്ലെന്നതിലുപരി വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ പിന്നീട് നടത്തിയ വെളിപ്പെടുത്തലും വ്യാജ രേഖ ചമച്ചതാണെന്നതിന് ഉത്തമ തെളിവാണ്. എന്നിട്ടും ഇതിന് കൂട്ടുനിന്നവരെ ചോദ്യം ചെയ്യാനോ പിടികൂടാനോ അന്വേഷണസംഘം കൂട്ടാക്കിയിട്ടില്ല. രാഷ്ട്രീയമായും ഉദ്യോഗസ്ഥതലത്തിലുമുള്ള സ്വാധീനമാണ് ഇതിന് കാരണം. സ്വത്ത് തട്ടിപ്പ് കേസിലെ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുന്ന സാഹചര്യം ഉണ്ടായത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്. കേസിൽ സെപ്ഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടറുടെ സഹായം തേടാനോ കാര്യസ്ഥന്റെയും സഹായിയുടെയും ജാമ്യത്തിനെതിരെ അപ്പീൽ നൽകാനോ പൊലീസ് സംഘം തയ്യാറായിട്ടില്ല.

എല്ലാവരും മൗനത്തിൽ

കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പിനെയും ദുരൂഹമരണങ്ങളെയും സംബന്ധിച്ച് പാർട്ടിഘടകങ്ങളെയും നേതാക്കളെയും അറിയിച്ചിരുന്നു. തുടക്കത്തിൽ പിന്തുണയുമായി നിന്ന പാർട്ടി ബ്രാഞ്ച്, ലോക്കൽ ഘടകങ്ങൾ പിന്നീട് നിശബ്ദമായി. കാര്യസ്ഥന്റെ അടുത്ത സുഹൃത്തായ കോൺഗ്രസ് പ്രവർത്തകനാണ് ഇതിൽ ആധാര ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഒരു മുൻമന്ത്രിയുടെ വിശ്വസ്തനായ ഇയാളുടെ സാന്നിദ്ധ്യവും ഇടപെടലും പ്രതിപക്ഷ പാർട്ടികളെയും മൗനത്തിലാക്കിയിരിക്കുകയാണ്.

ആലോചിച്ച് തുടർനടപടികൾ

കേസ് അന്വേഷണത്തിലെ അലംഭാവവും അട്ടിമറിയും സംഭവങ്ങളുടെ നിജസ്ഥിതിയും നാട്ടുകാരെ ബോദ്ധ്യപ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം. ഇതിനായി നാട്ടുകാരുടെ പിന്തുണയോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കാര്യങ്ങൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയശേഷം നിയമവിദഗ്ദ്ധരുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിനാവശ്യമായ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും.

അന്വേഷണത്തെ സംബന്ധിച്ച പരാതിക്കാരന്റെ ആക്ഷേപങ്ങൾ

1. അന്വേഷണം അനന്തമായി നീളുന്നത് തെളിവുകൾ നശിക്കാൻ ഇടയാക്കും.

2.ജയമാധവൻനായരുടേതുൾപ്പെടെയുള്ള മരണങ്ങളിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ശേഖരിക്കുന്നില്ല..

3.ആവശ്യമായവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നില്ല.

4. ഉന്നത പൊലീസുദ്യോഗസ്ഥരുടെ മേൽനോട്ടമില്ല

5. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരമുണ്ടാക്കുന്നു.

6. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും പങ്ക് അന്വേഷിക്കുന്നില്ല.

7. മുൻമന്ത്രിയുടെ ആശ്രിതരുടെ ഭൂമി ഇടപാടുകളിലും അന്വേഷണമില്ല.

8. ലഭ്യമായ തൊളിവുകൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല.