
ഗ്രാമ പഞ്ചായത്തിൽ ഒതുങ്ങി യു.ഡി.എഫ്
നില മെച്ചപ്പെടുത്തി ബി.ജെ.പി
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഇടതുമുന്നണിയുടെ തേരോട്ടം. ജില്ലാ പഞ്ചായത്ത് ഭരണത്തിനൊപ്പം പത്ത് ബ്ലോക്ക് പഞ്ചായത്തുകളും മൂന്ന് നഗരസഭകളിലെ ഭരണവും ഇടതുമുന്നണി നിലനിറുത്തി. കൊല്ലം കോർപ്പറേഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് അഞ്ചാംതവണയും ഭരണം നിലനിറുത്തിയത്. ബ്ലോക്ക് പഞ്ചായത്തിൽ രണ്ടുസീറ്റു നേടി ബി.ജെ.പി അക്കൗണ്ട് തുറന്നതും രണ്ടു പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും എൻ.ഡി.എയ്ക്ക് നേട്ടമായി. നേരിയ ഭൂരിപക്ഷത്തോടെ 22 പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയതാണ് യു.ഡി.എഫിന് ആകെയുളള നേട്ടം. സ്ഥിരമായി വിജയിച്ചിരുന്ന തേവലക്കര ജില്ലാ പഞ്ചായത്ത് ഡിവിഷൻ പോലും യു.ഡി.എഫിന് നഷ്ടമായി. കൊല്ലം കോർപ്പറേഷനിൽ 39 സീറ്റാണ് ഇടതുമുന്നണി നേടിയത്. യു.ഡി.എഫിന്റെ 15 സിറ്റിംഗ് സീറ്റുകളിൽ ആറെണ്ണം നഷ്ടമായി ഒമ്പതിലേക്ക് താഴ്ന്നു. കോർപ്പറേഷനിൽ ബി.ജെ.പി ആറു സീറ്റുനേടി നില മെച്ചപ്പെടുത്തി. പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി നഗരസഭകളിൽ ഇടതുപക്ഷം ഭരണം നിലനിറുത്തി. പരവൂർ നഗരസഭയിൽ ഇടത്-വലത് മുന്നണികൾക്ക് 14 സീറ്റുകൾ വീതമാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പി നാലു സീറ്റുകൾ നേടി.