ldf
പരവൂർ നഗരസഭയിൽ വിജയിച്ച സ്ഥാനാർത്ഥികളുമായി എൽ.ഡി.എഫ് നടത്തിയ ആഹ്ളാദ പ്രകടനം

കൊല്ലം: വോട്ടെണ്ണിയിട്ടും പരവൂർ നഗരസഭയിൽ നെഞ്ചിടിപ്പ് അവസാനിക്കുന്നില്ല. യു.ഡി.എഫും എൽ.ഡി.എഫും 14 സീറ്റുകൾ വീതം നേടി തുല്യനിലയിൽ എത്തിയതോടെ സസ്പെൻസ് തുടരുകയാണ്. വരുന്ന അഞ്ച് വർഷക്കാലത്തെ ഭരണത്തിലും ഈ അനിശ്ചിതത്വം തുടരാനാണ് സാദ്ധ്യത.

നാല് സീറ്റുകളിൽ വിജയിച്ച് നിർണായക ശക്തിയായി മാറിയ ബി.ജെ.പി രണ്ട് മുന്നണികളെയും പിന്തുണയ്ക്കാൻ സാദ്ധ്യതയില്ല. അതുകൊണ്ട് തന്നെ നറുക്കെടുപ്പിലൂടെയാകും ചെയർമാനെയും വൈസ് ചെയർമാനെയും തിരഞ്ഞെ‌ടുക്കുക. എൽ.ഡി.എഫിനാണ് ചെയർമാൻ സ്ഥാനം ലഭിക്കുന്നതെങ്കിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരുമിച്ച് ആറ് മാസത്തിന് ശേഷം അവിശ്വാസം കൊണ്ടുവരാം. അപ്പോൾ വീണ്ടും നറുക്കെടുപ്പ് നടത്തേണ്ടി വരും. ഏതെങ്കിലും രണ്ട് കൂട്ടർ ഒരുമിച്ചാൽ മാത്രമേ അവിശ്വാസം കൊണ്ടുവരാൻ സാധിക്കു.

വിജയിച്ചവരുടെ സത്യപ്രതിജ്ഞ 21ന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അദ്ധ്യക്ഷരെ തിരഞ്ഞെടുക്കാനുള്ള തീയതി തീരുമാനിച്ചിട്ടില്ല. അതുവരെ പരവൂരിൽ ഇപ്പോഴത്തേത് പോലെ നെഞ്ചിടിപ്പ് തുടരും. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ എൽ.ഡി.എഫിന് ക്ഷീണം സംഭവിച്ചതും യു.ഡി.എഫ് ആശ്വാസകരമായ നിലയിൽ എത്തിയതും പരവൂരിലാണ്.