munore

മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ അഞ്ച് സീറ്റ് വീതവും ബി.ജെ.പി മൂന്ന് സീറ്റും നേടിയതോടെ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിലായി.

കഴിഞ്ഞ തവണ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് മൂന്ന് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 2010ൽ യു.ഡി.എഫിന് ഒൻപതും എൽ.ഡി.എഫിന് നാലുമായിരുന്നു. എന്നാൽ ഭരണത്തിന്റെ മൂന്നാം വർഷത്തിൽ യു.ഡി.എഫിലെ പടലപ്പിണക്കങ്ങൾ അവിശ്വാസത്തിലെത്തുകയും നാലു പേർ മാത്രമുള്ള എൽ.ഡി.എഫ് അട്ടിമറിയിലൂടെ ഭരണത്തിലേറുകയും ചെയ്തു.

തുടർച്ചയായി ഏഴു വർഷം ഭരണം നടത്തിയ എൽ.ഡി.എഫിന് ഇത്തവണ അഞ്ച് സീറ്റിലൊതുങ്ങേണ്ടി വന്നു.

കഴിഞ്ഞ 35 വർഷമായി എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന വില്ലിമംഗലം വാർഡ് ബി.ജെ.പിയിലെ യുവ നേതാവ് സൂരജ് സുവർണൻ പിടിച്ചെടുത്തു. വില്ലിമംഗലം കൂടാതെ രണ്ട് സീറ്റുകൾ കൂടി നേടിയ ബി.ജെ.പി തകർപ്പൻ പോരാട്ടത്തിലൂടെയാണ് മൺറോത്തുരുത്തിൽ അക്കൗണ്ട് തുറന്നത്.