photo
ടി.എസ്.മണിവർണൻ

കൊല്ലം: കേരളപുരത്തുകാരുടെ സിനിമാക്കാരൻ സ്ഥാനാർത്ഥി മണിവർണന് അട്ടിമറി വിജയം. കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ കേരളപുരം 21-ാം വാർഡിൽ മുന്നണി സ്ഥാനാർത്ഥികളെ പിന്തള്ളി താരത്തിളക്കത്തോടെയാണ് മണിവർണന്റെ വിജയം.

കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായി ജോലി നോക്കുന്നതിനിടെ രണ്ടുവർഷം മുൻപ് കേരളപുരം ഗവ. ഹൈസ്കൂളിന്റെ രക്ഷയ്ക്കായി നീണ്ട അവധിയെടുത്ത് മണിവർണൻ ഇറങ്ങിയതൊക്കെ വോട്ടുകുത്താൻ നേരം നാട്ടുകാർ മറന്നിരുന്നില്ല. സ്കൂളിന്റെ പി.ടി.എ കമ്മിറ്റി പ്രസിഡന്റായും പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായുമൊക്കെ സ്കൂളിനെ മികച്ച നിലയിലേക്ക് എത്തിച്ച മണിവർണൻ നാട്ടുകാർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. ഇതിനിടെയാണ് ജോലി ഉപേക്ഷിക്കുകയും തുടർന്ന് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയുമായിരുന്നു.

മകന്റെ അച്ഛൻ, കൊന്തയും പൂണൂലും, പോക്കിരി സൈമൺ, പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ, ഡാർവിന്റെ പരിണാമം തുടങ്ങി ആറ് സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള മണിവർണൻ കലാരംഗത്തിനൊപ്പം ജനപ്രതിനിധിയായും ഇനി തിളങ്ങും. 67 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കിലും സ്വതന്ത്രനായി മത്സരിച്ച് വിജയം ചേർത്തുനിറുത്തിയതിന്റെ ത്രില്ലിലാണ് കേരളപുരത്തുകാരുടെ താരം.

 നാടിനും ഒപ്പം സ്കൂളിനും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. വോട്ടർമാർ അർപ്പിച്ച വിശ്വാസം കളങ്കമില്ലാതെ കാത്ത് സൂക്ഷിക്കും

മണിവർണൻ