ഏരൂർ:ഏരൂരിൽ എൽ.ഡി.എഫ് കോട്ട തകർത്ത് ബി.ജെ.പി ചരിത്ര വിജയം നേടി.
സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന പി.കെ.ശ്രീനിവാസന്റെ മകനാണ് ടൗൺ വാർഡിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി സുമൻ ശ്രീനിവാസൻ.സി.പി.ഐ സംസ്ഥാന നേതാവും മുൻ എം.എൽ.എ യുമായ പി.എസ്.സുപാൽ ഇളയ സഹോദരനാണ്.കഴിഞ്ഞ ഭരണസമിതിയിലെ എൽ.ഡി.എഫ് പ്രസിഡന്റിന്റെ വാർഡായിരുന്നു ഇത്.എൽ.ഡി.എഫ് നേതാക്കൾ ഉൾപ്പെടുന്ന വാർഡ് പിടിച്ചെടുത്തതിലൂടെ ഏരൂരിൽ ശക്തമായ നിലയിൽ കാലുറപ്പിയ്ക്കുവാൻ ബി.ജെ.പിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മന്ത്രി കെ.രാജുവിന്റെ ജന്മനാടായ നെട്ടയമാണ് ബി.ജെ.പി പിടിച്ചെടുത്ത മറ്റൊരു വാർഡ്.ഇവിടെ അഖി(അമ്പിളി)യാണ് വിജയിച്ചത്.ഐലറ 8 -ാം വാർഡാണ് ബി.ജെ.പി.വിജയിച്ച മറ്റൊരു വാർഡ് .ഇത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു.പി.വിഷ്ണുവാണ് ഇവിടെ വിജയിച്ചത്.
എൽ.ഡി.എഫിന് ശക്തമായ അടിത്തറയുള്ള സീറ്റുകൾ പിടിച്ചെടുത്തുകൊണ്ട് ഏരൂരിൽ ശക്തമായ ചുവടുവയ്പ് നടത്താൻ ബി.ജെ.പി യ്ക്കും കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.ബി.ജെ.പി ജില്ലാ സമിതി അംഗം ആലഞ്ചേരി ജയചന്ദ്രനാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.