bjp

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണത്തെ നാല് സീറ്റിൽ നിന്ന് ഒൻപത് സീറ്റാണ് വർദ്ധിപ്പിച്ചത്. പഞ്ചായത്തിന്റെ 23 വാർഡുകളിൽ ബി.ജെ.പി - 9, കോൺഗ്രസ് - 7, ആർ.എസ്.പി - 1,സി.പി.ഐ - 3, സി.പി.എം - 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

കഴിഞ്ഞ തവണ 8 സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണയും സിറ്റിംഗ് സീറ്റുകൾ നിലനിറുത്തി. കഴി‌ഞ്ഞതവണ 11 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ ആറിലേക്ക് ചുരുങ്ങി മൂന്നാം സ്ഥാനത്തായി. 7 വാ‌ർ‌‌ഡുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന പ്രസിഡന്റ് തിര‌ഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണികൾ വെവ്വേറെ സ്ഥാനാർത്ഥികളെ നിറുത്തുകയോ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ പഞ്ചായത്ത് ഭരണം ബി.ജെ.പി കൈയാളും. അതേസമയം ബി.ജെ.പിയെ അകറ്റിനിറുത്താനായി ഇടത്, വലത് മുന്നണികൾ ഒന്നിച്ചാൽ ബി.ജെ.പി പ്രതിപക്ഷമാകും.