
മൺറോതുരുത്ത്: മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്തിലെ പേഴുംതുരുത്ത് വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ആഹ്ലാദ പ്രകടനത്തിനിടെ മുൻ ഗ്രാമ പഞ്ചായത്തംഗത്തിന്റെ വീടിനുനേരേ പ്രകടനക്കാർ പടക്കമെറിഞ്ഞു. ഇതിനെ ചോദ്യംചെയ്ത കഴിഞ്ഞ എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്തംഗമായ അഭിജിത്തിനെയും പടക്കം ഏറിനിരയായ മുൻ ഗ്രാമ പഞ്ചായത്തംഗം സുബ്രഹ്മണ്യന്റെ മകൻ ലാലിയെയും പ്രകടനത്തിൽ പങ്കെടുത്ത രണ്ട് പേർ ചേർന്ന് കുപ്പിമുറി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ഇവരെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ കിഴക്കേക്കല്ലട പൊലീസ് പ്രകടനക്കാരെ പിരിച്ചുവിട്ടു. ഷിബു, സൂര്യകുമാർ, കിഷോർ തുടങ്ങിയവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യു.ഡി.എഫിന്റെ മുൻ മെമ്പറുടെ വീട് കൈയേറിയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരൻ, ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് വിജയിച്ച ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു.