 
1596 തദ്ദേശ വാർഡുകളിൽ 841 ഇടത്ത് ഇടത് ആധിപത്യം
യു.ഡി.എഫ് മുന്നേറ്റം 515 വാർഡുകളിലൊതുങ്ങി
എൻ.ഡി.എ നേടിയത് 172 സീറ്റുകൾ
കൊല്ലം: ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 1596 തദ്ദേശ വാർഡുകളിൽ 841 ഇടത്ത് എൽ.ഡി.എഫിന് വിജയം. 515 വാർഡുകളിൽ മാത്രമേ യു.ഡി.എഫിന് വിജയിക്കാനായുള്ളൂ. 172 സീറ്റുകൾ നേടി എൻ.ഡി.എ നില മെച്ചപ്പെടുത്തി. എസ്.ഡി.പി.ഐ, സ്വതന്ത്രർ തുടങ്ങിയവർ 68 സീറ്റുകളിലാണ് വിജയിച്ചത്. 5717 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പന്മന പഞ്ചായത്തിലെ പറമ്പിൽമുക്ക്, ചോല വാർഡുകളിൽ സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ആകെ ജില്ലയിലുള്ളത് 1598 വാർഡുകളാണ്.
ഗ്രാമ പഞ്ചായത്തുകളിൽ
ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകളിലെ 1234 വാർഡുകളിൽ 587 ഇടത്താണ് എൽ.ഡി.എഫ് വിജയിച്ചത്. 427 വാർഡുകളിലാണ് യു.ഡി.എഫിന്റെ വിജയം. ഇരുമുന്നണികളും തമ്മിലുള്ള സീറ്റ് വ്യത്യാസം 160 ആണ്. പക്ഷേ എൽ.ഡി.എഫ് 44 പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചപ്പോൾ യു.ഡി.എഫിന് 22 പഞ്ചായത്തുകളിലേക്ക് ഒതുങ്ങേണ്ടിവന്നു. 151 സീറ്റുകൾ നേടി എൻ.ഡി.എ നില മെച്ചപ്പെടുത്തി. എസ്.ഡി.പി.ഐ, സ്വതന്ത്രർ തുടങ്ങിയവർ 67 സീറ്റുകളിലാണ് വിജയിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ
ജില്ലയിലെ 11 ബ്ലോക്കുപഞ്ചായത്തുകളിലെ 152 വാർഡുകളിൽ 116 ഇടത്ത് എൽ.ഡി.എഫാണ് വിജയിച്ചത്. യു.ഡി.എഫ് 34 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ബി.ജെ.പി ചിറ്റുമലയിലും ഇത്തിക്കരയിലും അക്കൗണ്ട് തുറന്നു. 10 ബ്ലോക്കുപഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം നേടിയപ്പോൾ യു.ഡി.എഫിന് ചവറയിൽ മാത്രമാണ് അധികാരം ലഭിച്ചത്.
ജില്ലാ പഞ്ചായത്തിൽ
26 ഡിവിഷനുകളുള്ള കൊല്ലം ജില്ലാ പഞ്ചായത്തിൽ 23 ഇടത്ത് ഇടതുമുന്നണി വിജയം നേടി. മൂന്ന് സീറ്റുകളിൽ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. സി.പി.എം - 14, സി.പി.ഐ - 9, കോൺഗ്രസ് - 2, ആർ.എസ്.പി 1 എന്നിങ്ങനെയാണ് കക്ഷിനില.
കൊല്ലം കോർപ്പറേഷനിൽ
കൊല്ലം കോർപ്പറേഷനിലെ 55 വാർഡുകളിൽ 39 ഇടത്ത് ഇടതുമുന്നണി വിജയിച്ചു. യു.ഡി.എഫ് ഒമ്പതിടത്തും എൻ.ഡി.എ ആറിടത്തുമാണ് വിജയം നുകർന്നത്. സി.പി.എം - 29, സി.പി.ഐ - 10, കോൺഗ്രസ് - 6, ആർ.എസ്.പി - 3, ബി.ജെ.പി - 6 എന്നിങ്ങനെയാണ് കക്ഷിനില.
നഗരസഭകളിൽ
കരുനാഗപ്പള്ളി, പുനലൂർ, പരവൂർ, കൊട്ടാരക്കര നഗരസഭകളിലെ 131 ഡിവിഷനുകളിൽ 76 ഇടത്തും വിജയം എൽ.ഡി.എഫിനൊപ്പമായിരുന്നു. 42 ഡിവിഷനുകൾ യു.ഡി.എഫും 13 ഡിവിഷനുകൾ എൻ.ഡി.എയും കരസ്ഥമാക്കി.