കൊല്ലം: കൊട്ടാരക്കര മേഖലയിൽ ഇടത് മുന്നണിയ്ക്ക് കനത്ത പ്രഹരം. ബി.ജെ.പിയ്ക്ക് വലിയ മുന്നേറ്റം. കൊട്ടാരക്കര നഗരസഭയിലും കുളക്കട, കരീപ്ര, വെളിയം, മേലില പഞ്ചായത്തുകളിലും മാത്രമാണ് ഇടത് മുന്നണിയ്ക്ക് വ്യക്തമായ ലീഡുള്ളത്. കഴിഞ്ഞ തവണ മേഖലയിലെ 9 പഞ്ചായത്തുകളിലും നഗരസഭയിലും ഇടത് മുന്നണിയ്ക്കായിരുന്നു ഭരണം. വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫ് അധികാരത്തിൽ വന്നത്. എന്നാൽ അവിടെ തുല്യം സീറ്റുകളായതിനാൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണത്തിലെത്തിയത്. ഇക്കുറി വെട്ടിക്കവലയിൽ വ്യക്തമായ ലീഡ് യു.ഡി.എഫിന് ലഭിച്ചു. ഒപ്പം ഇടത് മുന്നണിയുടെ കൈവശത്തിരുന്ന എഴുകോൺ പഞ്ചായത്തും യു.ഡി.എഫിന് അനുകൂല വിധിയെഴുതി. നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഏഴ് സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസും ഇടത് മുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയില്ലെങ്കിൽ ബി.ജെ.പിയ്ക്ക് നെടുവത്തൂരിൽ ഭരണക്കസേര ഉറപ്പിക്കാം. സ്വതന്ത്രയായി ഒരാൾ വിജയിച്ചത് യു.ഡി.എഫിനൊപ്പം നിന്നാലും നറുക്കെടുപ്പ് വേണ്ടിവരും. മൈലം, വെളിയം, കുളക്കട പഞ്ചായത്തുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തുമുണ്ട്. കൊട്ടാരക്കര നഗരസഭയിലും അഞ്ചിടത്ത് താമരവിരിയിച്ചതിന്റെ സന്തോഷത്തിലാണ് ബി.ജെ.പി. പവിത്രേശ്വരം, ഉമ്മന്നൂർ, മൈലം പഞ്ചായത്തുകളും തുലാസിലാണ്. മുന്നണി ധാരണകൾ മറന്ന് കൂട്ടുകെട്ടുകൾ ഉണ്ടാക്കിയാൽ ഇവിടൊക്കെ ഭരണം അപ്രതീക്ഷിത സ്ഥാനങ്ങളിലെത്തും. മൈലത്ത് ഇടത് പാളയത്തിൽ നിന്നും അടർന്ന് സ്വതന്ത്രരായി മത്സരിച്ച മൂന്നുപേർ വിജയിച്ചത് നിർണായക ശക്തിയായി മാറിയിട്ടുമുണ്ട്. മത്സരിച്ച എട്ട് വാർഡുകളിൽ ആറിടത്തും വിജയിക്കാനായ കേരളകോൺഗ്രസ്(ബി) കൊട്ടാരക്കര നഗരസഭയിൽ നിർണായക ശക്തിയായി മാറുകയും ചെയ്തു.