കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഇക്കുറിയും സ്വതന്ത്രൻ നിർണായകമാകും. ആകെയുള്ള 18 വാർഡുകളിൽ ഏഴിടത്ത് വിജയിച്ച ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. യു.ഡി.എഫ് ആറിടത്തും ഇടത് മുന്നണി നാലിടത്തും ഒരു സ്വതന്ത്രയും വിജയിച്ചിട്ടുണ്ട്. പിണറ്റിൻമൂട് പത്താം വാർഡിൽ നിന്നും വിജയിച്ച ആർ.സത്യഭാമ ആർക്ക് പിന്തുണകൊടുക്കും എന്നതാണ് ഭരണം നിശ്ചയിക്കുന്നതിന് നിർണായകമാവുക. യു.ഡി.എഫിനൊപ്പം ചേർന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾക്ക് നറുക്കിടേണ്ടിവരും. തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നാൽ ബി.ജെ.പിയ്ക്ക് അധികാരത്തിലെത്താം. ഇടത് മുന്നണിയും യു.ഡി.എഫും തമ്മിൽ ഐക്യമുണ്ടാക്കിയാൽ മാത്രമേ സുസ്ഥിര ഭരണം സാദ്ധ്യമാവുകയുള്ളു. ഇതുസംബന്ധിച്ചും ആലോചനകൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രണ്ടുപേർക്ക് അധികാര കസേര നൽകേണ്ടി വന്നിരുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഇടത് മുന്നണിയുടെ പിന്തുണയോടെ ഇവിടെ തിരഞ്ഞെടുക്കപ്പെട്ടതാണെങ്കിലും പിന്നീട് ഇടതുമുന്നണി അവിശ്വാസം കൊണ്ടുവന്ന് പരാജയപ്പെടുകയുമുണ്ടായി. 2010ൽ ഒരു സീറ്റ് മാത്രം നേടിയ ബി.ജെ.പി 2015ൽ മൂന്ന് സീറ്റുകളും ഇത്തവണ ഏഴ് സീറ്റുകളും നേടിയാണ് മുന്നിലെത്തിയത്.