
കൊല്ലം: ജില്ലയിലെ 4 നഗരസഭകളുടെ അമരത്ത് ആരെത്തുമെന്ന കാര്യത്തിൽ ആകാംക്ഷ. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി മുന്നണികൾക്കുള്ളിൽ വരുംദിവസങ്ങളിൽ ചർച്ച ആരംഭിക്കും. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര നഗരസഭകളാണ് എൽ.ഡി.എഫ് നേടിയത്. എൽ.ഡി.എഫിനും യു.ഡി.എഫിനും 14 സീറ്രുകൾ വീതം ലഭിച്ച പരവൂർ നഗരസഭയിൽ ആർക്കും മേൽക്കോയ്മയില്ല. കഴിഞ്ഞ തവണ 4 നഗരസഭകളും എൽ.ഡി.എഫിനായിരുന്നു.
കരുനാഗപ്പള്ളി
നമ്പരുവികാലയിൽ നിന്ന് വിജയിച്ച സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയംഗം കോട്ടയിൽ രാജു കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാനാകാനാണ് സാദ്ധ്യത. സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കിലും കഴിഞ്ഞ തവണത്തേതുപോലെ അവസാനത്തെ ഒരു വർഷം സി.പി.ഐക്ക് ചെയർമാൻ സ്ഥാനം ലഭിച്ചേക്കും.
കൊട്ടാരക്കര
എൽ.ഡി.എഫിന് 16 സീറ്റുകൾ ലഭിച്ച കൊട്ടാരക്കര നഗരസഭയിൽ കേരളകോൺഗ്രസും (ബി) സി.പി.എമ്മും തുല്യശക്തികളാണ്. അതിനാൽ ഇരുപാർട്ടികളും രണ്ട് വർഷക്കാലം ചെയർമാൻ സ്ഥാനം പങ്കിടും. ഇത്തവണ ആദ്യത്തെ രണ്ടുവർഷം തങ്ങൾക്ക് ചെയർമാൻ സ്ഥാനം നൽകണമെന്നാണ് കേരള കോൺഗ്രസിന്റെ (ബി) ആവശ്യം. അങ്ങനെ സംഭവിച്ചാൽ മുസ്ലിംസ്ട്രീറ്റിൽ നിന്ന് വിജയിച്ച പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എ. ഷാജു ചെയർമാനായേക്കും. സി.പി.എമ്മിനാണ് ആദ്യ ടേമെങ്കിൽ പടിഞ്ഞാറ്റിൻകരയിൽ നിന്ന് വിജയിച്ച മുൻ ഏരിയാസെക്രട്ടറി എസ്. രമേശാകും ചെയർമാൻ. നാല് സീറ്റുള്ള സി.പി.ഐക്ക് അവസാന ഒരുവർഷം ചെയർമാൻ സ്ഥാനം നൽകാനാണ് നിലവിലെ പ്രാഥമികധാരണ.
പുനലൂർ
പുനലൂരിൽ ആദ്യ ടേമിൽ സി.പി.എമ്മിനാകും ചെയർപേഴ്സൺ സ്ഥാനം. അദ്ധ്യക്ഷസ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ള ഇവിടെ കോമളംകുന്ന് വാർഡിൽ നിന്ന് വിജയിച്ച സവന്ത രഞ്ജനോ ടൗണിൽ നിന്ന് വിജയിച്ച നിമ്മി എബ്രഹാമോ ചെയർപേഴ്സണാകാനാണ് നിലവിലെ സാദ്ധ്യത. ഇരുവരും സി.പി.എം ലോക്കൽ കമ്മിറ്റിയംഗങ്ങളാണ്. ഐക്കരക്കോണത്ത് നിന്ന് വിജയിച്ച കെ. പുഷ്പലതയുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.
പരവൂർ
പരവൂർ നഗരസഭയിൽ അദ്ധ്യക്ഷസ്ഥാനം വനിതയ്ക്കാണ്. പുതിയിടത്ത് നിന്ന് വിജയിച്ച സി.പി.എമ്മിന്റെ ഒ. ശൈലജ എൽ.ഡി.എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇരുമുന്നണികളും തുല്യനിലയിലുള്ള ഇവിടെ നറുക്കെടുപ്പിലൂടെയാകും ചെയർപേഴ്സണെ തിരഞ്ഞെടുക്കുക.
കോർപ്പറേഷനിൽ മേയർ പരിഗണനയിൽ 3 പേർ
1. പ്രസന്ന ഏണസ്റ്റ്
2. പവിത്ര
3. എസ്. ഗീതാകുമാരി
കൊല്ലം കോർപ്പറേഷനിൽ താമരക്കുളത്ത് നിന്ന് വിജയിച്ച സി.പി.എം ജില്ലാ കമ്മിറ്റിയംഗം പ്രസന്ന ഏണസ്റ്റ് മേയറാകാനാണ് സാദ്ധ്യത. തിരുമുല്ലാവാരം ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്ത എസ്.എഫ്.ഐ നേതാവ് യു. പവിത്രയുടെ പേരും പരിഗണനയിലുണ്ട്. കോളേജ് ഡിവിഷനിൽ നിന്ന് വിജയിച്ച മുൻ ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരിക്കും സാദ്ധ്യത നിലനിൽക്കുന്നുണ്ട്.