
കൊല്ലം: ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകളിലെ 1234 വാർഡുകളിൽ നിന്ന് വിജയിച്ചെത്തിയത് 67 സ്വതന്ത്രന്മാർ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയനുസരിച്ച് ഇവരെല്ലാം സ്വതന്ത്രരാണെങ്കിലും എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രതിനിധികളും ഇതിൽപ്പെടും. പ്രാദേശിക കൂട്ടായ്‌മകൾ, ജനകീയ മുന്നണികൾ എന്നിവ വിവിധ പഞ്ചായത്തുകളിൽ മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചിരുന്നു. ഒരു വാർഡിൽ മാത്രം പ്രവർത്തന സ്വാധീനമുള്ള ഇത്തരം മുന്നണികളുടെ പ്രതിനിധികളും സ്വതന്ത്രരുടെ പട്ടികയിലാണ്. ജില്ലയിലെ പല പഞ്ചായത്തുകളിലെയും ഭരണത്തിൽ ഇവർ നിർണായകമാകും.