കരുനാഗപ്പള്ളി: നഗരസഭയിലെ കോൺഗ്രസിന്റെ പരാജയം പാർട്ടി നേതൃത്വം പരിശോധിക്കും. താഴെ തലം മുതൽ പരിശോധനക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇത്തവണ നഗരസഭ യു.ഡി.എഫിന് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലും അതിനനുസരിച്ചുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലുമായിരുന്നു യു.ഡി.എഫ് .എന്നിട്ടും ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞതവണ യു.ഡി.എഫിന് നഗരസഭയിൽ 15 സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണ സീറ്റുകളുടെ എണ്ണം 6 ആയി ചുരുങ്ങി. കോൺഗ്രസിലെ സംസ്ഥാന ജില്ലാ നേതാക്കൾ കടപുഴകി വീണതാണ് കോൺഗ്രസ് നേത‌ൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.

നഗരസഭയിലെ 4-ം ഡിവിഷനിൽ പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ആകെ 59 വോട്ടുകളാണ് ലഭിച്ചത്. ഇവിടെ 811 വോട്ടുകൾ നേടി ബി.ജെ.പി യാണ് ജയിച്ചത്. ബി.ജെ.പി ക്ക് നഗരസഭയിലെ 10 ഓളം ഡിവിഷനുകളിൽ 200 ന് മേൽ വോട്ടുകൾ നേടാൻ കഴിഞ്ഞു. ബി.ജെ.പി ക്ക് ഉണ്ടായ രാഷ്ട്രീയ നേട്ടം എൽ.ഡി.എഫുംപരിശോധിക്കാനാണ് സാദ്ധ്യത. യു.ഡി.എഫി ന്റെ കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റിയും തോൽവിയെ കുറിച്ച് പരിശോധിക്കുമെന്നാണ് അറിയുന്നത്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പിണക്കങ്ങളും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളുമാണ് യു.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാരണമെന്നാണ് താഴെ തട്ടിലുള്ള പ്രവർത്തകരുടെ വിലയിരുത്തൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ അവസാനിപ്പിച്ച് പാർട്ടിയെ അടിമുടി തിരഞ്ഞെടുപ്പിന് സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.