akramam
, പരിക്കേറ്റ മുൻ സ്ഥാനാർത്ഥി സുമ സുരേഷ്

ഓയൂർ: ഓടനാവട്ടം തുറവൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ തോറ്റ സ്ഥാനാർത്ഥിയുടെ വീട് കയറി ആക്രമണം. ഒരാൾ അറസ്റ്റിൽ. വെളിയം ഗ്രാമ പഞ്ചായത്തിലെ ചെപ്രവാർഡിലെ എൽ.ഡി എഫ് സ്ഥാനാർത്ഥി തുറവൂർ,സുരേഷ് ഭവനിൽ സുമ സുരേഷിന്റെ വീടിന് നേരെയായിരുന്നു അക്രമണം നടത്തിയത്.ആക്രമണത്തിൽ സുമ സുരേഷിനും ഭർത്താവ് സുരേഷിനും പരിക്കേറ്റു.ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ ഓടനാവട്ടം തുറവൂർ, അരുൺ ഭവനിൽ അനീഷ് (27) നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചെപ്ര വാർഡിൽ എൽ.ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സുമ സുരേഷ് ബി.ജെപിയിലെ ശ്രീലേഖയോട് തോറ്റിരുന്നു. ശ്രീലേഖ ജയിച്ചതിന്റെ ആഹ്ളാദ പ്രകടനത്തിനിടെ അനീഷ് ഇയാളുടെ സഹോദരൻ അജിത് ,സജിത്, ശരത് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ബി.ജെ.പി പ്രവർത്തകർ സുമയുടെ വീടിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയും അമിട്ട് ഉൾപ്പടെയുള്ള പടക്കം പൊട്ടിക്കുകയും ചെയ്തു.ശബ്ദം കേട്ട് പുറത്തെത്തിയ സുരേഷ് ഇവരോട് എന്തിനാണ് വീട്ട് മുറ്റത്ത് പടക്കം പൊട്ടിക്കുന്നതെന്ന് ചോദിച്ചതോടെ അനീഷും സംഘവും സുരേഷിന്റെ വീട്ടിലേക്ക് ചാടിക്കയറി സുരേഷിനെ അക്രമിക്കുകയായിരുന്നു. തടസം പിടിക്കാനെത്തിയ സുമയെയും മകളെയും ആക്രമികൾ മർദ്ദിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ആക്രമികളെ പിൻതിരിപ്പിച്ചത്.ഇവർ ആയുധം കാട്ടി വധഭീഷണി മുഴക്കിയതായും പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു.പൂയപ്പള്ളി സി.ഐ.വിനോദ് ചന്ദ്രൻ ,എസ്.ഐ മാരായരാജൻ ബാബു, വി.വി.സുരേഷ് എ.എസ്.ഐ ഹരികുമാർ ,ഡബ്ല്യു. സി. പി .ഒ ജുമൈല എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.