
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ചവറയൊഴികെയുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഇടത് ആധിപത്യം പ്രകടം. ചവറ നിയോജക മണ്ഡലം ഉൾപ്പെടുന്ന പന്മന, തേവലക്കര, നീണ്ടകര പഞ്ചായത്തുകളിൽ യു.ഡി.എഫിന് ഗുണകരമായ നേട്ടങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അത് ആർ.എസ്.പിയുടെ സ്വാധീനത്തിലാണെന്നതും ശ്രദ്ധേയമാണ്.
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ നഗരസഭയിലെ 25 വാർഡുകൾ ഉൾപ്പെടെ ഭൂരിഭാഗം പഞ്ചായത്തിലും ഇടത് മേൽക്കോയ്മയുണ്ട്.
കുന്നത്തൂർ അസംബ്‌ളി മണ്ഡലത്തിൽ ശൂരനാട് വടക്ക് മൈനാഗപ്പള്ളി പഞ്ചായത്തൊഴികെ ഒരിടത്തും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ല.
കൊട്ടാരക്കര മണ്ഡലത്തിൽ നഗരസഭ അടക്കം ബഹുഭൂരിപക്ഷം പഞ്ചായത്തിലും ഇടത് പക്ഷത്തിനാണ് നേട്ടം. ഇവിടെ വിരലിൽ എണ്ണാവുന്ന പഞ്ചായത്തുകൾ മാത്രണ് യു.ഡി എഫിനെ പിന്തുണച്ചത്.
കിഴക്കൻ മേഖലയിലെ പത്തനാപുരം, പുനലൂർ, ചടയമംഗലം നിയമസഭാ മണ്ഡലങ്ങളിൽ ഇടത് പക്ഷം നേടിയത് വലിയ ആധിപത്യമാണ്.ഈ നിയോജകമണ്ഡലങ്ങളിലെ 90 ശതമാനം പഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക് ,ജില്ലാ പഞ്ചായത്തുകളും ഇടതുപക്ഷം കയ്യടക്കി.
കൊല്ലം നിയോജകമണ്ഡലത്തിലെ ഭൂരിഭാഗവും വരുന്ന കോർപ്പറേഷനും സമീപ പഞ്ചായത്തുകളിലും ഇടതുമുന്നണി മുൻവർഷത്തെക്കാൾ മുന്നിലെത്തി. കോർപ്പറേഷനിലെ 35 സീറ്റ് 39 ആയി. കോർപ്പറേഷനിൽ ആറു സീറ്റിൽ കോൺഗ്രസ് ഒതുങ്ങി.
ഇരവിപുരം,ചാത്തന്നൂർ മണ്ഡലങ്ങളിലെ 13 പഞ്ചായത്തിലും ഇടത് ആധിപത്യം കാണാം.
കുണ്ടറ നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഇടതുമുന്നണിയ്ക്ക് ആധിപത്യമില്ലെങ്കിലും മുഴുവൻ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും വിജയിക്കാനായി.