paravur

ബാക്കി മൂന്ന് നഗരസഭകളിലും ഇടതിന് ഉറച്ച ഭരണം

കൊല്ലം: എൽ.ഡി.എഫും യു.ഡി.എഫും തുല്യനിലയിലുള്ള പരവൂർ നഗരസഭയുടെ ഭരണം ആർക്കെന്ന് 'ഭാഗ്യം' തീരുമാനിക്കും. 30ന് നടക്കുന്ന ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ രണ്ട് കൂട്ടരും മത്സരിക്കും. ആർക്കും വോട്ട് ചെയ്യുമ്പോൾ കൈപ്പിഴ സംഭവിച്ചില്ലെങ്കിൽ പിന്നെ നറുക്കെടുപ്പാണ് കാര്യങ്ങൾ തീരുമാനിക്കുക. അപ്പോൾ ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികളിൽ ഭാഗ്യം തെളിഞ്ഞു നിൽക്കുന്നയാൾ ചെയ‌ർമാനാകും. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും ഇത് തന്നെയാകും സംഭവിക്കുക.

അവിശ്വാസ പ്രമേയം ആയുധമാവും

ആറ് മാസം മാത്രമേ ഭാഗ്യത്തിനും ഉറച്ച ആയുസുണ്ടാകൂ. അതിന് ശേഷം ചെയർമാൻ സ്ഥാനം ലഭിക്കാത്ത മുന്നണിക്ക് ബി.ജെ.പിയുമായി ചേർന്ന് അവിശ്വാസം കൊണ്ടുവരാം. അപ്പോൾ വീണ്ടും ഭാഗ്യപരീക്ഷണം തന്നെ നടക്കും. ഇങ്ങനെ ഓരോ ആറ് മാസത്തെ ഇടവേളയിലും ഭാഗ്യപരീക്ഷണം നടന്നില്ലെങ്കിലും നിർണായക ഘട്ടങ്ങളിൽ അവിശ്വാസ പ്രമേയം ആയുധമാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ നഗരസഭകളിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ എൽ.ഡി.എഫിന് ഭയമില്ലാതെ ഭരിക്കാം.