chickencurch

ഇന്തോനേഷ്യയിൽ വനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പള്ളി കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്ന ഒന്നാണ്. ഒരു ഭീമൻ പ്രാവിന്റെ രൂപത്തിലാണ് പള്ളിയുടെ നിർമ്മാണം. പള്ളിയുടെ ഈ രൂപത്തിന് പിന്നിൽ ഒരു കഥയുണ്ട്.

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ജോലി ചെയ്യുകയായിരുന്ന ഡാനിയൽ അലാംജയ്ക്ക് ദൈവത്തിന്റെ അടുത്തുനിന്ന് ഒരു സന്ദേശം കിട്ടിയത്രെ.പ്രാവിന്റെ മാതൃകയിൽ പ്രാർത്ഥനയ്ക്കായി ഒരു സ്ഥലം പണിയാനായിരുന്നു 'ദൈവം ' നൽകിയ സന്ദേശം.

ഡാനിയേൽ ആ നിർദ്ദേശം ശിരസാവഹിച്ചു. പള്ളിപണിയാനായി സ്വപ്‌നത്തിൽ കണ്ട അതേ സ്ഥലം ഡാനിയൽ കണ്ടെത്തുന്നത് 1989 ൽ ഭാര്യവീട് സ്ഥിതിചെയ്യുന്ന മംഗേലിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ്.

ഒരു വർഷത്തിന് ശേഷം 3,000 സ്‌ക്വയർ മീറ്റർ വരുന്ന ഭൂമി രണ്ട് ദശലക്ഷം രൂപ കൊടുത്ത് ഡാനിയേൽ വാങ്ങി. നാലുവർഷം കൊണ്ടാണ് ഭൂമിയുടെ വില ഡാനിയേൽ കൊടുത്ത് തീർത്തത്. 30തോളം വരുന്ന നാട്ടുകാരും ഡാനിയേലിനെ പള്ളിയുടെ നിർമ്മാണത്തിന് സഹായിച്ചിരുന്നു.

ക്രിസ്ത്യാനിയായ ഡാനിയൽ നിർമ്മിച്ചത് സ്വഭാവികമായും ഒരു ക്രിസ്ത്യൻ പള്ളിയായിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. പക്ഷേ താൻ പണിതത് പ്രാർത്ഥിയ്ക്കാനുള്ള ഒരു കെട്ടിടം മാത്രമാണെന്നും ഏതു വിശ്വാസികൾക്കും ഇവിടെ വന്ന് തങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കാമെന്നുമാണ് ഡാനിയൽ പറയുന്നത്.

സഞ്ചാരികൾ നൽകുന്ന വിവരമനുസരിച്ച് പള്ളിയിൽ ഏകദേശം പതിനഞ്ചോളം മുറികൾ ഉണ്ട്. നിർമ്മിച്ചത് പ്രാവിന്റെ രൂപത്തിലാണെങ്കിലും അറിയപ്പെടുന്നത് 'കോഴിപ്പളളി 'യെന്ന പേരിലാണ്‌. "chicken church " എന്നാണ് ഇത് ലോകത്ത് അറിയപ്പെടുന്നത് . പക്ഷിപ്പള്ളി, പ്രാവ് പള്ളി, പരുന്ത് പള്ളി എന്നിങ്ങനെ നിരവധി പേരുകളും സഞ്ചാരികൾ പള്ളിക്ക് നൽകിയിട്ടുണ്ട്.

ഡാനിയേലിന്റെ ഈ പള്ളിയിലേക്ക് ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുൾപ്പെടെ നിരവധി പേരാണ് പ്രാർത്ഥിയ്ക്കാനായി വന്നുകൊണ്ടിരുന്നത്.

ചിക്കൻ ചർച്ചിൽ ഇന്ന് പ്രാർത്ഥനയ്ക്കുപരി, നിരവധി കൗതുകങ്ങളും കെട്ടുകഥകളും നിറഞ്ഞ പള്ളി കാണുകയാണ് സഞ്ചാരികളുടെ പ്രധാന ലക്ഷ്യം.