c

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ് ആധിപത്യം പുലർത്തിയെങ്കിലും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ സ്ഥിതി കഴിഞ്ഞതവണത്തെക്കാൾ മോശമായി. ജില്ലാ പഞ്ചായത്തിൽ മാത്രമാണ് ഒരു അംഗത്തിന്റെ വർദ്ധനവുണ്ടായത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അംഗങ്ങളുടെ എണ്ണം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു.

50 ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് ഇത്തവണ സി.പി.ഐയ്ക്ക് നഷ്ടമായത്. കൊല്ലം കോർപ്പറേഷനിൽ ബി.ജെ.പി വിജയിച്ച ആറ് സീറ്റുകളിൽ നാലിടത്തും ഇടതുമുന്നണിയിൽ മത്സരിച്ചത് സി.പി.ഐ സ്ഥാനാർത്ഥികളായിരുന്നു. ഇതിൽ രണ്ടെണ്ണം സി.പി.ഐയുടെ സിറ്റിംഗ് സീറ്റുകളുമായിരുന്നു.

കൊല്ലം കോർപ്പറേഷനിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് സി.പി.എം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയപ്പോഴാണ് സി.പി.ഐയ്ക്ക് കഴിഞ്ഞ തവണത്തെക്കാൾ ഒരംഗം കുറഞ്ഞത്. പാർട്ടിയിലെ വിഭാഗീയത സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും കടന്നുകൂടിയതാണ് പിന്നോട്ടുപോക്കിന്റെ കാരണമായി പ്രവർത്തകർ പറയുന്നത്.

മേയർ സ്ഥാനം ആശങ്കയിൽ

ഇത്തവണ കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനം സി.പി.ഐയ്ക്ക് അവസാന ഒരുവർഷക്കാലം സി.പി.എം നൽകുമോയെന്ന കാര്യം സംശയമാണ്. ആദ്യ രണ്ട് ഭരണസമിതികളിലും സി.പി.എമ്മിന് മാത്രമായിരുന്നു മേയർ സ്ഥാനം. ആർ.എസ്.പി മുന്നണി വിട്ടതോടെയാണ് കഴിഞ്ഞ രണ്ട് ഭരണസമിതികളിൽ സി.പി.ഐയ്ക്ക് അവസാന ഒരുവർഷം മേയർ പദവി ലഭിച്ചത്. സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും ഇല്ലായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പതിവുപോലെ ആദ്യം സി.പി.ഐയ്ക്ക് നൽകുന്നതിനാൽ മേയർ സ്ഥാനം ആദ്യം സി.പി.എം തന്നെയെടുക്കും. മേയർ പദവി പങ്കിടുന്നതിനെ ചൊല്ലി ഇപ്പോൾ ചർച്ചയ്ക്കോ ധാരണയ്ക്കോ സാദ്ധ്യതയില്ല. രണ്ടര വർഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.ഐ ഒഴിയുമ്പോഴോ അല്ലെങ്കിൽ സി.പി.എം മേയർ നാലുവർഷം പൂർത്തിയാക്കുമ്പോഴോ മാത്രമേ ചർച്ചയ്ക്ക് സാദ്ധ്യതയുള്ളു.

സി.പി.ഐ അംഗങ്ങൾ

(തദ്ദേശ സ്ഥാപനം: 2015 - 2020 എന്ന ക്രമത്തിൽ)​

ഗ്രാമപഞ്ചായത്ത്: 234 - 184

ബ്ലോക്ക് പഞ്ചായത്ത്: 41 - 40

ജില്ലാ പഞ്ചായത്ത്: 8 - 9

മുനിസിപ്പാലിറ്റി: 17 - 16

കോർപ്പറേഷൻ: 11 - 10