c

കൗൺസിൽ ഹാളിൽ മുൻനിരയിൽ ഇരിപ്പുറപ്പിക്കാൻ ബി.ജെ.പി

കൊല്ലം: നഗരസഭാ അംഗങ്ങളുടെ എണ്ണത്തിൽ യു.ഡി.എഫ് ദുർബലപ്പെടുകയും ബി.ജെ.പി ശക്തിപ്പെടുകയും ചെയ്തതോടെ കൗൺസിൽ യോഗത്തിലെ കീഴ്‌വഴക്കങ്ങൾ മാറിമറിയാൻ സാദ്ധ്യത. ഇതുവരെ പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫിന് ലഭിച്ചിരുന്ന പരിഗണനകളെല്ലാം തങ്ങൾക്കും വേണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിച്ചേക്കും.

കോർപ്പറേഷൻ രൂപീകരിച്ചത് മുതൽ എൽ.ഡി.എഫ് ഭരണത്തിലും യു.ഡി.എഫ് പ്രതിപക്ഷത്തുമാണ്. ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ല. എങ്കിലും എൽ.ഡി.എഫ് കൗൺസിൽ ഹാളിന്റെ ഇടതുവശത്തും യു.ഡി.എഫ് വലതുവശത്തെ മുൻനിരകളിലുമാണ് ഇരിക്കുന്നത്. കഴിഞ്ഞതവണയും പതിവിൽ മാറ്റമുണ്ടായില്ല. രണ്ട് ബി.ജെ.പി അംഗങ്ങളുണ്ടായിരുന്നെങ്കിലും പിൻനിരയിലാണ് ഇരുന്നിരുന്നത്. ഇത്തവണ ഈ കീഴ്‌വഴക്കം മാറ്റാനാണ് ബി.ജെ.പിയുടെ നീക്കം.

യു.ഡി.എഫിന് ഒൻപത് സീറ്റുണ്ടെങ്കിലും കോൺഗ്രസിന് ആറ് സീറ്രേയുള്ളു. ബി.ജെ.പിക്കും ആറ് സീറ്റുണ്ട്. അതുകൊണ്ട് തന്നെ കൗൺസിൽ ഹാളിന്റെ ഒരുവശത്ത് മുൻനിരയിൽ തന്നെ ബി.ജെ.പി സീറ്റ് ആവശ്യപ്പെടും. നഗരസഭയുടെ വിവിധ പരിപാടികളിലും പ്രതിപക്ഷ നേതാവെന്ന നിലയിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവിനെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാൽ ഈ ഭരണസമിതിയുടെ കാലയളവിൽ ഈ പതിവിലും ബി.ജെ.പി മാറ്റം ആവശ്യപ്പെടും.

 '' തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷം എന്ന സംവിധാനം ഇല്ല. കൗൺസിൽ ഹാളിലെ സീറ്റുകൾ അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് പരസ്പര ചർച്ചകളിലൂടെ തീരുമാനത്തിലെത്തും.''

ഹരികുമാ‌ർ (നഗരസഭാ സെക്രട്ടറി)