kada
കടയ്ക്കാമൺ ഡിപ്പോയിൽ ജോലിയില്ലാതെ തൊഴിലാളികൾ

പത്തനാപുരം: കഴിഞ്ഞ ഒരു വർഷമായിട്ട് ജോലിയില്ല. കുടുംബം മുഴുവൻ പട്ടിണിയിലായി. പുറത്തെ മരംമുറിപ്പിനോ ലോഡിംഗിനോ പോകാമെന്ന് വച്ചാൽ ഡിപ്പോയിലെ തൊഴിലാളികളെന്ന കാരണത്താൽ മാറ്റി നിറുത്തും. ഇങ്ങനെപോയാൽ എങ്ങനെ ജീവിക്കും?​കുട്ടികളെ എങ്ങനെ പഠിപ്പിയ്ക്കും?​ കടയ്ക്കാമൺ തടി ഡിപ്പോയിലെ തൊഴിലാളികളുടെ ആശങ്കയാണിത്. നാല് യുണിയനുകളിലായി 44 തൊഴിലാളികളാണ് ഇവിടെയുള്ളത്. 70 വയസ് കഴിഞ്ഞ തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്. കുടുംബങ്ങൾ പട്ടിണിയിലായത് മാത്രമല്ല പലരുടെയും കുട്ടികളുടെ പഠനവും മുടങ്ങിയിരിക്കുകയാണ്.

ലേലം നടക്കുന്നില്ല
കടയ്ക്കാമൺ തടി ഡിപ്പോയിൽ തടി എത്താത്തതിനാൽ ലേലം നടക്കുന്നില്ല. മുൻപ് നിത്യവും പത്തിലധികം ലോഡ് തടികൾ ഇവിടെ ലേലം നടക്കുമായിരുന്നു. കോന്നി,​വടശ്ശേരിക്കര,​നടുവത്ത് മൂഴി, മണ്ണാറപ്പാറ,​അഞ്ചൽ തുടങ്ങിയ റേഞ്ചുകളിൽ നിന്ന് തേക്ക്,​മരുതി,​ തേൻ പാവ് തുടങ്ങിയ തടികൾ ഇവിടെ എത്തിയിരുന്നു.പുനലൂരിൽ കുളത്തൂപ്പുഴ,​ തെന്മല,​ ആര്യങ്കാവ് തുടങ്ങിയ ഡിപ്പോകളിൽ തടി ലേലം നടക്കുന്നതിനാൽ തൊഴിലാളികൾക്ക് ദിവസവും പണിയുമുണ്ടെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറയുന്നു. എന്നാൽ പത്തനാപുരം -പുനലൂർ മണ്ഡലത്തിലെ ജനപ്രതിനിധികൾ തമ്മിലുള്ള പിണക്കമാണ് ഇവിടെ തടി എത്താത്തതിന് പിന്നിലെന്ന ആക്ഷേപവുമുണ്ട്.

തൊഴിലാളി കുടുംബങ്ങളിലെ പട്ടിണി അകറ്റാൻ രാഷ്ട്രീയ വൈരാഗ്യം മറന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവർത്തിക്കണം. തടി ഇറക്കുന്നത് തുടരണം.ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

പി.ജെ ഷാനവാസ് നടുക്കുന്ന്

(ഓൾ കേരള ഗവ.ടിംബർ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ഐ. എൻ. ടി .യു. സി)


രാഷ്ടീയ വിരോധം തൊഴിലാളികളോടാകരുത് . മാസങ്ങളായി തൊഴിലാളി കുടുംബം പട്ടിണിയിലാണ്. അധികൃതർ അടിയന്തരമായിഇടപെടണം.
അബ്ദുൾ സലാം (കെ.ടി.േ യു.സി (ബി ) യുണിയൻ കൺവീനർ)