 
കൊല്ലം: വെളിയം പഞ്ചായത്തിലെ കട്ടയിൽ വാർഡിൽ തുടർച്ചയായി മൂന്നാം തവണയും ഒരേ വീട്ടിൽ നിന്നും വാർഡ് മെമ്പർ.2010ൽ വിനീത വിജയപ്രകാശായിരുന്നു കട്ടയിൽ വാർഡിൽ നിന്നും വിജയിച്ചത്. 2015ൽ വിനീതയുടെ ഭർത്താവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഓടനാവട്ടം വിജയപ്രകാശ് വിജയിച്ചു. ഇവർ തന്നെയായിരുന്നു പഞ്ചായത്തിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർമാരും. ഇത്തവണ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ വിനീത വീണ്ടും വിജയിച്ചു. വെളിയം പഞ്ചായത്തിൽ ഒരു വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി തുടർച്ചയായി വിജയിക്കുന്നതും ആദ്യമാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നോട്ട് വച്ച പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ മുൻഗണനാക്രമം തയ്യാറാക്കി നടപ്പാക്കാൻ ഒരുങ്ങുകയാണ് വിനീത. വാർഡിൽ വിവിധ അസുഖങ്ങളാൽ വിഷമിക്കുന്നവരെ സഹായിക്കാൻ പ്രത്യേക പദ്ധതിയും നടപ്പാക്കും.