
കൊല്ലം: അമച്വർ നാടക നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം (67) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ 7.30ന് പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അന്ത്യം. ഒന്നരവർഷമായി ഗാന്ധി ഭവൻ അന്തേവാസിയാണ്. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര ലൈലാ മൻസിലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകനാണ്.
തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലെ ബിരുദധാരിയാണ്. തോപ്പിൽ ഭാസിയുടെ 'അളിയൻ വന്നത് നന്നായി"എന്ന പ്രസിദ്ധ നാടകത്തിൽ മുഖ്യകഥാപാത്രമായതോടെ നാടകവേദികളിൽ ശ്രദ്ധേയനായി. ഏറെക്കാലം റിയാദിലായിരുന്ന അഹമ്മദ് മുസ്ലിം ജിദ്ദയിലും പ്രധാന നാടക കലാകാരനായും തിളങ്ങി. പിന്നീട് കരുനാഗപ്പള്ളിയിലെത്തി തനിച്ച് താമസിച്ച് വരുന്നതിനിടെ 2019 ജൂലായ് ഒന്നിനാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുക്കുന്നത്.
അടുത്തകാലത്ത് ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അഹമ്മദ് മുസ്ളിമിന്റെ നാടക-ജീവിത കഥകൾ കൂടുതൽ പേർ അറിഞ്ഞത്. 'ലീല', 'മരുഭൂമിയിലെ ആന', 'യു ടേൺ' എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.