 
എഴുകോൺ: മനക്കരുത്തുകൊണ്ട് ഒരു കുടുംബത്തിന് രക്ഷകനായിരിക്കുകയാണ് എഴുകോൺ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബിനിൽ മോഹൻ. വോട്ടെണ്ണൽ ദിനത്തിൽ എഴുകോൺ ചീരൻകാവ് ജംഗ്ഷനിൽ ഡ്യൂട്ടിയിൽ നിൽക്കുമ്പോഴാണ് സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേരെ അപകടത്തിൽ നിന്നും രക്ഷിച്ചത്. പുത്തൂരിൽ നിന്നും ചീരൻക്കാവ് ജംഗ്ഷനിലേക്ക് ബ്രേക്ക് നഷ്ടപ്പെട്ട് വേഗതയിൽ വരികയായിരുന്ന ഇരുചക്ര വാഹനം പിടിച്ച് നിറുത്തിയാണ് ബിനിൽ മൂന്നംഗ കുടുംബത്തെ രക്ഷിച്ചത്. 16 ന് രാവിലെ 11.30 ന് കൊല്ലം തിരുമംഗലം ദേശീയ പാതയിലെ ചീരൻകാവ് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.ദേശീയ പാതയിലേക്ക് പുത്തൂർ റോഡിലെ വാഹനങ്ങൾ കടത്തി വിടുന്നതിനിടയിലാണ് അച്ഛനും അമ്മയും രണ്ട് വയസ് പ്രായം വരുന്ന കുട്ടിയും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടർ വേഗതയിൽ ഇറക്കം ഇറങ്ങി വരുന്നത് ബിനിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ദമ്പതികളുടെ മുഖ ഭാവത്തിലും വാഹനത്തിന്റെ വരവിലും പന്തികേട് തോന്നിയ ബിനിൽ സ്‌കൂട്ടറിന്റെ ഹാൻഡിലിൽ പിടിച്ച് നിറുത്തുകയായിരുന്നു. ദേശീയ പാതയുടെ വശത്തുള്ള 15 അടിയോളം താഴ്ചയിലുള്ള റെയിൽവേ പാളത്തിൽ വീഴുമായിരുന്ന സ്കൂട്ടറാണ് ബിനിൽ സാഹസികമായി പിടിച്ച് നിറുത്തിയത്. ബിനിൽ ആക്‌സിലേറ്റർ എതിർ വശത്തേക്ക് തിരിച്ച് വാഹനത്തിന്റെ വേഗത കൂടാതെ ശ്രദ്ധിക്കുകയും ചെയ്തു. ബിനിലിനെയും കൊണ്ട് 30 മീറ്ററോളം നീങ്ങിയ ശേഷമാണ് സ്കൂട്ടർ നിന്നത്. ഓട്ടോറിക്ഷ തൊഴിലാളികൾ അടക്കം സംഭവം കണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു. സംഭവത്തിനിടയിൽ യാത്രക്കാരുടെ പേര് വിവരങ്ങൾ ചോദിക്കാൻ കഴിയാത്തതിനാൽ അവരെ തിരിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല. അടുത്തുള്ള വർക്ക് ഷോപ്പിൽ കയറ്റി വാഹനം നന്നാകിയ ശേഷം കുടുംബം കൊല്ലത്തേക്ക് പോയി. സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കുടുംബത്തിനെ രക്ഷിച്ച ബിനിൽ മോഹനെ എഴുകോൺ എസ്.എച്ച്.ഒ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള സേന അഭിനന്ദിച്ചു.