കൊല്ലം: ജി. ശങ്കരപ്പിള്ളയുടെ കൈപിടിച്ചാണ് അഹമ്മദ് മുസ്ളീം മലയാള നാടക തട്ടകത്തിലേക്കെത്തുന്നത്. അഭിനയ മികവുകൊണ്ട് നാടകലോകത്ത് ശ്രദ്ധേയമായ ഇരിപ്പിടമൊരുക്കിയെടുക്കാൻ അഹമ്മദ് മുസ്ളീമിനായി. അഭിനയവും സംവിധാനവും തനിക്ക് നന്നായി വഴങ്ങുമെന്ന് മുസ്ളീം തെളിയിച്ചു. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര ലൈലാ മൻസിലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ അഹമ്മദ് മുസ്ളീം ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിൽ പഠിക്കുന്ന സമയത്താണ് ജി.ശങ്കരപിള്ളയുടെ പ്രേരണയിൽ നാടകരംഗത്തെത്തിയത്. ഡി.ബി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. ആർട്സ് ക്ളബ് സെക്രട്ടറിയായി തിളങ്ങുമ്പോൾ കോളേജ് കലോത്സവത്തിന് അഹമ്മദിന്റെ വകയായി രണ്ട് നാടകങ്ങളുമുണ്ടായിരുന്നു. മൂന്ന് വർഷക്കാലം കേരള സർവകലാശാലയിലെ മികച്ച നടനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ രണ്ടാം ബാച്ച് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം തിയേറ്റർ ആർട്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
പി. ബാലചന്ദ്രൻ, സംവിധായകൻ ശ്യാമപ്രസാദ്, രഞ്ജിത്ത്, മുരളി മേനോൻ, സന്ധ്യാരാജേന്ദ്രൻ എന്നിവരൊക്കെ അന്നത്തെ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ജി. ശങ്കരപ്പിള്ളയുടെ 'കറുത്ത ദൈവത്തെ തേടി' എന്ന നാടകത്തിലെ അഭിനയത്തിന് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചു. തോപ്പിൽ ഭാസിയുടെ 'അളിയൻ വന്നത് നന്നായി' എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്നു. രക്ഷാപുരുഷൻ, തിരുമ്പിവന്താന് തമ്പി, അമാവാസിയിൽ പൗർണമി തേടി എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു. സാമുവൽ ബെക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദോ, ഷേക്സ്പിയറിന്റെ മാക്ബത്ത് എന്നീ നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അരങ്ങിലെത്തിച്ചു. ഒ.വി.വിജയന്റെ പ്രസിദ്ധമായ കടൽത്തീരത്ത് എന്ന കഥ നാടകരൂപത്തിലാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
കുറേക്കാലം റിയാദിലായിരുന്നു. ജിദ്ദയിലെ പ്രധാന നാടക കലാകാരനായും തിളങ്ങി. കലാരംഗത്തുനിന്നും കുറച്ച് അകലം പാലിച്ചുനടന്ന ശേഷം പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ നാടകാവിഷ്‌കാരത്തിലൂടെയായിരുന്നു കലാരംഗത്തേക്കുള്ള തിരിച്ചുവരവ്. രഞ്ജിത്തിന്റെ ലീല, വി.കെ. പ്രകാശിന്റെ മരുഭൂമിയിലെ ആന, യൂ ടേൺ എന്നീ സിനിമകളിലും അഭിനയിച്ചു. മൃതദേഹം കരുനാഗപ്പള്ളി ഇടക്കുളങ്ങര പാലോലിക്കുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.