c
ജില്ലാ ആശുപത്രിക്ക് സമീപത്തെ അനധികൃത തട്ടുകടകൾ പൊളിച്ച് ലോറിയിൽ കൊണ്ടുപോകുന്നു

കൊല്ലം: ദേശീയതലത്തിലുള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് (എൻ.ക്യു.എ.എസ്) പരിശോധനയിൽ മികച്ച റാങ്ക് നേടാനും നാഷണൽ ഹെൽത്ത് മിഷന്റെ കായകല്പ അവാർഡ് സ്വന്തമാക്കാനും ജില്ലാ ആശുപത്രി ഒരുങ്ങുന്നു. രണ്ട് നേട്ടങ്ങളും കരസ്ഥമാക്കാൻ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പരമാവധി ശുചിത്വം ഉറപ്പാക്കാനുമുള്ള നടപടിയാണ് ആരംഭിച്ചത്. ഏറ്റവും മികച്ച ജില്ലാ ആശുപത്രിക്കുള്ള കായകല്പ പുരസ്കാരം ലഭിച്ചാൽ 50 ലക്ഷം രൂപ അവാർഡുതുകയായി ലഭിക്കും. നാഷണൽ ക്വാളിറ്റി അഷ്വറൻസിൽ ജില്ലാ ആശുപത്രികളുടെ വിഭാഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയാൽ 50 ലക്ഷം രൂപയും ആശുപത്രിയിലെ ഒാരോ ബെഡിനും 10000 രൂപ വീതവും മൂന്ന് വർഷം ലഭിക്കും. ജില്ലാ ആശുപത്രിയിൽ മൊത്തം 527 കിടക്കകളാണുള്ളത്.

തട്ടുകടകൾ നീക്കി

എൻ.ക്യു.എ.എസ്, കായകല്പ പരിശോധനാ സംഘങ്ങൾ എത്തുന്നതിന് മുന്നോടിയായി ആശുപത്രിയുടെ മുൻഭാഗത്ത് റോഡുവക്കിലുണ്ടായിരുന്ന തട്ടുകടകൾ നീക്കി. അനധികൃതമായി സ്ഥാപിച്ചിരുന്ന രണ്ട് തട്ടുകടകളാണ് പൊളിച്ചുനീക്കിയത്. കോടതിയുത്തരവിന്റെ പിൻബലമുള്ള അഞ്ച് കടകൾ ആശുപത്രിയുടെ മുൻഭാഗത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഈ തട്ടുകടകൾക്ക് തൊട്ടടുത്തായാണ് ആശുപത്രിയുടെ ഓക്സിജൻ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അവാർഡിന് ഇത് തിരിച്ചടിയാകുമെന്നതിനാൽ ആശുപത്രി അധികൃതർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് പെതുമരാത്ത് വകുപ്പും നഗരസഭാ ആരോഗ്യവിഭാഗവും സംയുക്തമായി ഇന്നലെ വൈകിട്ട് 3 മണിയോടെ കടകൾ നീക്കിയത്.

എൻ.ക്യു.എ.എസ് റാങ്കിംഗ്: പരിഗണിക്കുന്ന ഘടകങ്ങൾ

1. മികച്ച രോഗീപരിചരണം

2. രോഗവ്യാപന സാദ്ധ്യതാക്കുറവ്

3. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ
4. ചികിത്സയിലെ പ്രധാന നേട്ടങ്ങൾ

പരിശോധനയ്ക്ക് പല ഘട്ടങ്ങൾ

നാല് തലത്തിലാണ് രണ്ട് അവാർഡുകൾക്കുമുള്ള പരിശോധനകൾ നടക്കുക. ആശുപത്രി തലത്തിൽ തന്നെയുള്ള ആഭ്യന്തര പരിശോധനയാണ് ആദ്യത്തേത്. പിന്നീട് ജില്ലാ, സംസ്ഥാന, ദേശീയ തലത്തിലുള്ള സംഘങ്ങൾ പരിശോധനയ്ക്കെത്തും. ജില്ലാതല പരിശോധനയിൽ നിശ്ചിത മാർക്ക് നേടിയാലേ സംസ്ഥാനതല പരിശോധന നടത്തൂ. കായകല്പ അവാർഡിനുള്ള ജില്ലാതല പരിശോധന കഴിഞ്ഞു. എൻ.ക്യു.എ.എസ് റാങ്കിംഗിനുള്ള ജില്ലാതല പരിശോധന ഈമാസം 21നും അടുത്തമാസം 15നും ഇടയിൽ നടക്കും.

ഓക്സിജൻ പ്ലാന്റ്, ഐ.സി.യുകൾ, ഡയാലിസിസ് യൂണിറ്റ്

കൊറോണ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ്, കൂടുതൽ ഐ.സി.യുകൾ എന്നിവ സ്ഥാപിച്ചിരുന്നു. ഇതിന് പുറമേ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളിലാണ് ആശുപത്രിയുടെ പ്രതീക്ഷ. പരിശോധനാസംഘം എത്തുന്നതിന് മുന്നോടിയായി ആശുപത്രി കെട്ടിടത്തിന്റെയും ഉപകരണങ്ങളുടെയും കേടുപാടുകൾ പരിഹരിക്കും. ഇതിനൊപ്പം മാലിന്യപ്രശ്നം പരിഹരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.