 
കൊല്ലം: ഇല്ലായ്മയുടെ സങ്കടക്കൂരയിൽ പാടി വളർന്ന സംഗീതയ്ക്ക് എം.എ മ്യൂസിക്കിൽ നാലാം റാങ്കിന്റെ തിളക്കം!. മകളുടെ റാങ്കിന്റെ മധുരം പങ്കിടുമ്പോൾ കൊട്ടാരക്കര പുത്തൂർ കൈതക്കോട് സംഗീത ഭവനത്തിൽ എസ്.കെ.സതീശനും ഭാര്യ ഷൈലജയും ഏറെ സന്തോഷത്തിലാണ്. കൂലിപ്പണിക്കും ചെണ്ടകൊട്ടാനും പോയി കിട്ടുന്ന ചെറിയ വരുമാനത്തിലാണ് സതീശൻ കുടുംബം പോറ്റുന്നത്. നാല് സെന്റ് ഭൂമിയും നിർമ്മിതി കേന്ദ്രം ഒന്നര പതിറ്റാണ്ടിന് മുൻപ് നിർമ്മിച്ചുനൽകിയ ചെറിയ വീടുമാണ് ഇവർക്കുള്ളത്. സംഗീതയും അനുജൻ സംഗീതും കുട്ടിക്കാലം മുതൽക്കേ പാട്ടുകാരാണ്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് നിൽക്കുകയാണ് സംഗീത്.
സ്വാതിതിരുനാൾ കോളേജിൽ പഠനം
സംഗീത തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലാണ് പഠിച്ചത്. കുട്ടിക്കാലത്ത് പാട്ടുപഠിക്കാൻ പോയിട്ടുണ്ടെങ്കിലും കുടുംബത്തിലെ ബുദ്ധിമുട്ടുകൾക്കിടയിൽ അത് തുടരാനായില്ല. പ്ളസ് ടുവിന് ശേഷം സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമെടുക്കാൻ ബന്ധുക്കളടക്കം നിർബന്ധിച്ചു. മകളുടെ മോഹം സാക്ഷാത്കരിക്കാൻ സതീശൻ കൂടുതൽ സമയം കൂലിപ്പണിക്കിറങ്ങി. സീസണിലാണ് ചെണ്ടകൊട്ടാൻ പോവുക. കൊറോണക്കാലത്ത് വരുമാനം തീരെ നിലച്ച അവസ്ഥയും ഉണ്ടായി. പട്ടിണിയും ദുരിതങ്ങളുമൊന്നും മറ്റുള്ളവർ അറിയാതിരിക്കാൻ ഏറെ പാടുപെടുകയും ചെയ്തു. അതിനിടയിലാണ് തീരെ പ്രതീക്ഷിക്കാത്ത റാങ്കിന്റെ തിളക്കം വീട്ടിലെത്തിയത്. മൂന്ന് വർഷം മുൻപാണ് സമീപത്തെ ക്ഷേത്രത്തിൽ വച്ച് സംഗീതക്കച്ചേരിയിൽ സംഗീത അരങ്ങേറ്റം നടത്തിയത്. സംഗീതത്തിൽ പി.എച്ച്.ഡി നേടണമെന്നതാണ് ആഗ്രഹം.