c

കൊല്ലം: ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെടുവത്തൂർ, പോരുവഴി പഞ്ചായത്തുകളിൽ നിർണായക നീക്കങ്ങളുമായി ഇടത്, വലത് മുന്നണികൾ.

നെടുവത്തൂർ

നെടുവത്തൂരിൽ യു.ഡി.എഫിന് പിന്തുണ കൊടുക്കാമെന്ന പഞ്ചായത്തിലെ ഇടത് മുന്നണിയുടെ ആലോചന ജില്ലാ നേതൃത്വം വെട്ടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാണ് നിർദ്ദേശം. ഇതാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നത്. ആകെയുള്ള പതിനെട്ടിൽ ഏഴ് സീറ്റാണ് ബി.ജെ.പിക്ക്. യു.ഡി.എഫ് - 6, എൽ.ഡി.എഫ് - 4, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് മറ്റുള്ളവർ. സ്വതന്ത്രയെ കൂടെക്കൂട്ടിയാലും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കില്ല. തുല്യ സീറ്റുകൾ ആകുന്നതോടെ നറുക്കിടൽ വേണ്ടിവരും. അതേ സമയം വൈസ് പ്രസിഡന്റ് വാഗ്ദാനം ചെയ്ത് സ്വതന്ത്രയെ കൂടെക്കൂട്ടാൻ ബി.ജെ.പി ശ്രമം തുടങ്ങി. കഴിഞ്ഞ തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ സ്വതന്ത്രരായി ജയിച്ചവരായിരുന്നു. ഇടത് മുന്നണിയുടെ പിന്തുണയോടെയാണ് ഇവർ അധികാരത്തിലെത്തിയത്.

പോരുവഴി

പോരുവഴി പഞ്ചായത്തിൽ ഇടത്,​ വലതു മുന്നണികൾ കൈകോർക്കാനുള്ള നീക്കം തുടരുകയാണ്. മൂന്നു മുന്നണികളും അഞ്ചു വീതം സീറ്റു നേടി ഒപ്പത്തിനൊപ്പമാണ്. മൂന്നു സീറ്റ് എസ്.ഡി.പി.ഐക്കുമുണ്ട്. യു.ഡി.എഫിൽ കോൺഗ്രസ് - 4, മുസ്ലിം ലീഗ് - 1 എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിൽ മൂന്നു സീറ്റിൽ സി. പി.എമ്മും രണ്ടു സീറ്റിൽ സി.പി.ഐയുമാണ്. എൻ.ഡി.എയിൽ അഞ്ചും ബി.ജെ.പിയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി ഭരണം പിടിക്കുന്നത് തടയാനാണ് എസ്.ഡി.പി.ഐയുടെ പിന്തുണ ഒഴിവാക്കി ഇടതു വലതു മുന്നണികൾ കൈകോർക്കുന്നത്. പ്രാദേശിക നേതാക്കൾ തമ്മിൽ പ്രാഥമിക ചർച്ച നടന്നെങ്കിലും സത്യപ്രതിജ്ഞയ്ക്കുശേഷമേ തീരുമാനം ഉണ്ടാകൂ. രണ്ടര വർഷക്കാലം വീതം ഭരണം പങ്കിടാനാണ് സാദ്ധ്യത. ഇരു മുന്നണിയിലെയും ഘടകകക്ഷികകളും പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളതിനാൽ വരും ദിവസങ്ങളിൽ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് പോരുവഴി സാക്ഷിയാകും.