
 യാത്രികർക്ക് ഭീഷണിയായി അഭ്യാസപ്രകടനങ്ങൾ
കരുനാഗപ്പള്ളി : റേസിംഗ് ബൈക്കുകളുമായി അതിവേഗത്തിൽ പായുന്ന യുവാക്കളും വിദ്യാർത്ഥികളും കരുനാഗപ്പള്ളി നഗരത്തിനകത്തും പുറത്തും വീണ്ടും സജീവമായി. നഗരത്തിലെ സ്ഥിരം മേഖലകൾ മുതൽ ഇടറോഡുകളും ദേശീയപാതയും വരെ ഇവരുടെ അഭ്യാസ പ്രകടന വേദികളാകുകയാണ്.
ആഡംബര ബൈക്കുകളിൽ അമിതവേഗതയിലും അപകടകരമായും ഇവർ പായുന്നത് കാൽനട യാത്രികർക്കും മറ്റ് വാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയാണ്. മുൻചക്രങ്ങൾ ഉയർത്തി പിൻചക്രങ്ങളിൽ മാത്രം ബൈക്ക് ഓടിക്കുക, ഭയപ്പെടുത്തുന്ന തരത്തിൽ അമിതവേഗതയിൽ ബൈക്ക് പായിക്കുക, ഗതാഗത നിയമ ലംഘനങ്ങൾ തുടർച്ചയായി അവഗണിക്കുക എന്നിവ ഇവരുടെ പതിവാണ്. സാഹസിക റേസിംഗ് വീഡിയോകൾ നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും യുവാക്കളുടെ പതിവായിരുന്നു.
 പിടിവീണാൽ കഷ്ടമാകും
നഗരം നിറയെ പൊലീസുണ്ടെങ്കിലും അവരുടെ കണ്ണിൽപ്പെടാതെ മുങ്ങാനുള്ള ശേഷി ഇത്തരക്കാർക്കെല്ലാമുണ്ട്. ശക്തമായ നടപടിയാണ് കഴിഞ്ഞ കുറേനാളുകളായി ഇത്തരം റേസിംഗ് സംഘങ്ങൾക്കെതിരെ പൊലീസ് സ്വീകരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പും ട്രാഫിക് പൊലീസും പരിശോധന ശക്തമാക്കിയിരുന്നു.