 
കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ ഇന്നലെ രണ്ടാംകുറ്റിയിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.
പിതാവ് എ. ലത്തീഫ്, മാതാവ് എസ്. സജിത, സഹോദരിമാരായ അയിഷ ലത്തീഫ്, മറിയം ലത്തീഫ്, കുടുംബസുഹൃത്തും മുൻ മേയറുമായ വി. രാജേന്ദ്രബാബു എന്നിവരുടെ മൊഴിയാണെടുത്തത്.
ഐ.ഐ.ടിയിലെ ഒരു അദ്ധ്യാപകനെക്കുറിച്ച് ഫാത്തിമ പറഞ്ഞ പരാതികൾ മാതാപിതാക്കളും ഇരട്ട സഹോദരി അയിഷയും സി.ബി.ഐയോട് വെളിപ്പെടുത്തി. മരണം അറിഞ്ഞ് ചെന്നൈയിലേക്ക് പോയ രാജേന്ദ്രബാബു ഹോസ്റ്റൽ മുറി കണ്ടപ്പോൾ തനിക്ക് തോന്നിയ സംശയകരമായ കാര്യങ്ങൾ സി.ബി.ഐയോട് പറഞ്ഞു. രണ്ടുദിവസം കൊല്ലത്ത് തങ്ങുന്ന അന്വേഷണ സംഘം ഫാത്തിമയുടെ സ്‌കൂളിലെ സഹപാഠികളുടെ മൊഴിയെടുക്കും.
പ്രൊഫസർക്കെതിരെ കുറിപ്പ്
ഫാത്തിമയെ നവംബർ 9ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്. തന്റെ മരണത്തിന് കാരണം ഐ.ഐ.ടിയിലെ ഒരു പ്രൊഫസറാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. തലേന്ന് രാത്രി ഫാത്തിമ മെസിൽ ഇരുന്ന് കരയുന്നത് കണ്ടെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. പരീക്ഷയ്‌ക്ക് മാർക്ക് കുറഞ്ഞതിന്റെ വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ഐ.ഐ.ടിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ബന്ധുക്കളുടെ ആവശ്യപ്രകാരം നവംബർ അവസാനമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
ലോക്ക് ഡൗൺ പിൻവലിച്ച ശേഷവും ക്ലാസുകൾ തുടങ്ങാത്തതിനാൽ വിവിധ സംസ്ഥാനങ്ങളിലുള്ള ഫാത്തിമയുടെ സഹപാഠികളുടെ വീടുകളിൽ പോയി മൊഴി ശേഖരിച്ചു വരിയാണെന്ന് സി.ബി.ഐ വ്യക്തമാക്കി.
ഒന്നാം റാങ്കുകാരി
ഐ.ഐ.ടിയുടെ എച്ച്.എസ്.ഇ.ഇ കോഴ്സിനുള്ള പ്രവേശന പരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാം റാങ്ക് ഫാത്തിമയ്‌ക്കായിരുന്നു. സിവിൽ സർവീസ് മോഹമുള്ളതിനാൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ വൺ ഉണ്ടായിട്ടും പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുത്തു. ഗ്രേസ് മാർക്കില്ലാതെ 93.2 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചു.