 
അഞ്ചൽ: അഞ്ചൽ ശബരി മെഡിക്കൽ സ്റ്റോറിൽ നിന്ന് എട്ട് ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളറട കാരക്കോണം കാട്ടുവിള പുത്തൻവീട്ടിൽ ദാസനെയാണ് (58) അഞ്ചൽ പൊലീസ് ആർ.ഒ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിലെത്തിച്ച് തെളിവെടുത്തത്.
2014 സെപ്തംബർ 14നാണ് സംഭവം നടന്നത്. നാലുദിവസം ബാങ്ക് അവധിയായതിനാൽ അത്രയും ദിവസത്തെ കളക്ഷൻ തുക മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചിരുന്നു. ഈ പണമാണ് പ്രതി കവർന്നത്.
അടുത്തിടെ തിരൂരിലെ സ്വർണക്കടയിലെ മോഷണം നടത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ അഞ്ചലിൽ മോഷണം നടത്തിയ വിവരം പ്രതി വെളിപ്പെടുത്തി. വിരലടയാളം പരിശോധിച്ചതിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ അഞ്ചൽ പൊലീസ് ഇയാളെ തെളിവെടുപ്പിനായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി തിരൂർ പൊലീസിന് കൈമാറും.