kollam

കൊല്ലം: നാട്ടിൽ പറഞ്ഞുപഴകിയ ചില ചൊല്ലുകൾ ഇപ്പോൾ കോൺഗ്രസിന് ചേരും, എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല... മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീര് കണ്ടാൽമതി അമ്മായിഅമ്മയ്ക്ക്... അത്രയ്ക്ക് ദയനീയമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി.

ജില്ലാ പഞ്ചായത്ത് ഭരണം പോയതിനൊപ്പം ആകെ കൈയിലുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെടുത്തി. പത്ത് ബ്ലോക്ക് പഞ്ചായത്തിലും മറിച്ചല്ല അവസ്ഥ. 17 പഞ്ചായത്തുകളാണ് ആകെ ഭരിക്കാൻ കിട്ടിയത്. അതും നേരിയ ഭൂരിപക്ഷത്തിൽ.
വലുതും ചെറുതുമായ നേതാക്കളുടെ പൊട്ടിത്തെറികൾ തുടങ്ങിയിട്ടുണ്ട്. ഇത് തന്ത്രമാണെങ്കിലും യഥാർത്ഥത്തിൽ കോൺഗ്രസിനെ തോൽപ്പിച്ചതാര്?. നാട്ടുകാർ പറയുന്നത് കൊല്ലംകാരനും കേൾക്കുന്നുണ്ട്, 'തോൽപ്പിച്ചത് കോൺഗ്രസുകാർ തന്നെ'. സ്ഥാനാർത്ഥി നിർണയത്തിന് കോൺഗ്രസിന് സമതിയുണ്ടായിരുന്നു. വെട്ടും കുത്തും തിരുത്തലും കഴിഞ്ഞ് ചിത്രം തെളിഞ്ഞപ്പോൾ പിന്നെയും പ്രശ്‌നം. വിമതരും ഒരു വിഭാഗം നേതാക്കളും വിലങ്ങുതടിയായി. ചിലയിടത്ത് ജയസാദ്ധ്യതയുള്ളവരൊന്നുമല്ല ഒറിജിനലും വിമതരുമൊക്കെയായത്. അതെന്തുതന്നെയായാലും പാർട്ടിയെ അനുസരിക്കണമെന്ന മര്യാദ നൂറുകണക്കിന് വാർഡുകളിൽ ലംഘിക്കപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കളെ കണ്ടെത്തി നടപടിയെടുക്കാൻ ആലോചനയുണ്ടെന്നാണ് കേൾക്കുന്നത്. ഇവരെ കയറൂരി വിട്ടാൽ പാർട്ടിതന്നെ ഇല്ലാതായേക്കുമെന്ന തിരിച്ചറിവിലാണ് കെ.പി.സി.സി. ഗ്രൂപ്പ് വൈരമല്ല, മറിച്ച് വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ജയസാദ്ധ്യതയുള്ള ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ പോലും നഷ്ടമാക്കിയത്. ഇത്തരത്തിൽ പ്രാദേശിക നേതാക്കൾ വോട്ടുമറിച്ചത് തെളിയിക്കുന്ന വോയ്സ് ക്ലിപ്പുകൾ തുടർച്ചയായി മുതിർന്ന നേതാക്കൾക്ക് കിട്ടുന്നുണ്ട്.

ബി.ജെ.പിയിലോ സി.പി.എമ്മിലോ ഇങ്ങനെ പാർട്ടിയെ വെല്ലുവിളിച്ചാൽ അവർ ആ സ്ഥാനത്ത് കാണുമോ?. കോൺഗ്രസ് പിന്നെയും വിശാലമനസ് കാണിച്ചപ്പോൾ ഇഷ്ടമില്ലാത്ത സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ കോൺഗ്രസുകാർ തന്നെ പരസ്യമായും രഹസ്യമായും രംഗത്തിറങ്ങി.

പ്രാദേശിക നേതാക്കൾ ബന്ധുക്കളുടെ വോട്ടുകൾ മറിച്ചു. ഭരണം കിട്ടിയാൽ പ്രസിഡന്റോ ചെയർമാനോ ഒക്കെ ആകാനിടയുള്ളവരെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ചു. വനിതകളെപ്പോലും കാലുവാരി. തിരഞ്ഞെടുപ്പ് അടുത്തതോടെ ചിലർ അടങ്ങിയെങ്കിലും അടങ്ങാത്തവരുടെ എണ്ണമായിരുന്നു മുന്നിൽ. ഇതോടെ ജനം തീരുമാനിച്ചു, തമ്മിലടി തീരട്ടെ പിന്നെ കൊടുക്കാം വോട്ടെന്ന്. കൊല്ലം കോർപ്പറേഷനിലും കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ നഗരസഭകളിലുമായി നിരവധി സ്ഥലത്ത് തോറ്റത് അതാതിടത്തെ പ്രമുഖ നേതാക്കളാണ്. കെ.പി.സി.സി സെക്രട്ടറി പോലും തോൽപ്പിക്കപ്പെട്ടു. എന്നാൽ ചരിത്രത്തിലാദ്യമായാണ് പരവൂർ നഗരസഭയിൽ കോൺഗ്രസിന് ഇടതുമുന്നണിക്കൊപ്പം സീറ്റു കിട്ടുന്നത്. അവിടെ വലിയ ചരടുവലികൾ നടന്നിട്ടില്ലെന്ന് വേണം കരുതാൻ.

ഫലം വന്നപ്പോൾ പാരവച്ചവരെല്ലാം ചിരിച്ചു. പക്ഷേ കോൺഗ്രസിനേറ്റ തിരിച്ചടി കണ്ട് കരഞ്ഞുപോയ കോൺഗ്രസുകാരെയും കൊല്ലംകാരൻ കണ്ടു. വഞ്ചിക്കാനറിയാത്ത അവർക്ക് പാർട്ടി തന്നെയാണിപ്പോഴും വലുത്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്നറിയാവുന്ന നല്ല പാർട്ടി പ്രവർത്തകർ. പക്ഷേ സ്ഥാനമാനങ്ങളൊന്നുമില്ലാത്ത ഇവർക്കെന്ത് ചെയ്യാനാകും. ഇപ്പോഴെങ്കിലും ഒന്ന് സ്വയം ചോദിക്കുന്നത് നല്ലതാണ്, നമ്മളെ തോൽപ്പിച്ചത് നമ്മൾ തന്നല്ലേ?.