photo
പൂഴിക്കാട് ചിറ

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ പൂഴിക്കാട്ടുകാർക്ക് ഒരു അപേക്ഷയേ ഉണ്ടായിരുന്നുള്ളു. ആര് ജയിച്ച് വന്നാലും പൂഴിക്കാട്ട് ചിറ സംരക്ഷിക്കണം. നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ കോട്ടാത്തല പൂഴിക്കാട്ട് ചിറ സംരക്ഷണമില്ലാതെ നശിച്ചുതുടങ്ങിയിട്ട് കാലങ്ങളേറെയായി. സമീപത്തെ പൂഴിക്കാട്ട് ലക്ഷംവീട് കോളനിയിലെ താമസക്കാർക്ക് വലിയ അനുഗ്രഹമായിരുന്ന ചിറ അഞ്ച് വർഷമായി പൂർണമായും നശിച്ച അവസ്ഥയിലാണ്. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞിട്ടുണ്ട്. ഇത് പുനർനിർമ്മിക്കാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ഇവിടത്തെ വെള്ളം വർഷങ്ങളായി മലിനമായിക്കിടക്കുകയാണ്. വെള്ളത്തിൽ നിറവ്യത്യാസം കണ്ടുതുടങ്ങിയ ദിവസം മുതൽ ഗ്രാമവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചിറ വറ്റിച്ച് ഇതിന് പരിഹാരമുണ്ടാക്കാൻ നടപടിയുണ്ടായില്ല. വോട്ടുതേടി എത്തിയവരോടൊക്കെ പ്രദേശ വാസികൾ ചിറയുടെ ദുരിതാവസ്ഥ പറഞ്ഞു. നേരിട്ട് കാണിച്ച് ബോദ്ധ്യപ്പെടുത്തി. കോട്ടാത്തല നാലാം വാർഡിൽ ഉൾപ്പെടുന്ന ചിറയാണിത്.

ചിറയുടെ ദുരിതാവസ്ഥ

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് ചിറയിലെ വെള്ളം വറ്റിച്ചിരുന്നെങ്കിലും ചെളി പൂർണമായും കോരി മാറ്റാത്തതിനാൽ വേണ്ടുന്ന ഗുണം ചെയ്തില്ല. പിന്നീട് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഈ മലിന ജലമാണ് കോളനിയിലെ ചില വീട്ടുകാർ ഇപ്പോൾ കുളിക്കാനും തുണി അലക്കാനുമൊക്കെയായി ഉപയോഗിക്കുന്നത്.

ജലസമൃദ്ധിയുടെ പഴയകഥ

പതിറ്റാണ്ടുകൾക്ക് മുമ്പ് പൂഴിക്കാട് പ്രദേശവാസികൾക്ക് കുളിക്കാനും തുണി അലക്കാനും നീന്താനുമൊക്കെ ഈ ചിറയായിരുന്നു ആശ്രയം. ചിറയോട് ചേർന്ന് അനർട്ടിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതിയും ഉണ്ടായിരുന്നതാണ്. പിന്നീട് അത് നശിച്ചു. കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ ചാരായം വാറ്റാനുള്ള കോട കലക്കിയിട്ടതൊക്കെ നാടിന് വലിയ നാണക്കേടുണ്ടാക്കി. കോളനിയിൽ കിണറില്ലാത്ത വീടുകൾ ഇപ്പോഴുമുണ്ട്. അവർക്കൊക്കെ വലിയ ആശ്വാസമായിരുന്നു ഈ ചിറ. വേനൽക്കാലത്തും അല്ലാത്തപ്പോഴും നാടിന് അനുഗ്രഹമായിരുന്ന ചിറ ഇപ്പോൾ തീർത്തും നശിക്കുകയാണ്. മലിന ജലവും ഉപയോഗിക്കേണ്ട ഗതികേടുണ്ട് ചില വീട്ടുകാർക്ക്.