cpi

കൊല്ലം: സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാൻ കേവല ഭൂരിപക്ഷമുണ്ടെങ്കിലും ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടര വർഷം പ്രസിഡന്റ് പദവി സി.പി.ഐയ്‌ക്ക് തന്നെ നൽകും. 26 അംഗ ജില്ലാ പഞ്ചായത്തിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 14 അംഗങ്ങൾ സി.പി.എമ്മിനുണ്ട്. 2015ലും 14 അംഗങ്ങൾ സി.പി.എമ്മിന് ഉണ്ടായിരുന്നെങ്കിലും ആദ്യ രണ്ടര വർഷം പ്രസിഡന്റ് പദവി സി.പി.ഐയ്‌ക്ക് നൽകിയിരുന്നു. ആ പതിവ് ഇത്തവണയും തുടരാനാണ് ധാരണ.

ജില്ലാ പഞ്ചായത്തിൽ 14 സീറ്റിൽ സി.പി.എമ്മും 9 സീറ്റിൽ സി.പി.ഐയും മത്സരിച്ച് വിജയിച്ചു. കലയപുരത്ത് കേരള കോൺഗ്രസ് (എം), വെട്ടിക്കവലയിൽ കേരള കോൺഗ്രസ് (ബി), ചവറയിൽ ആർ.എസ്.പി (ലെനിനിസ്റ്റ്) എന്നിവരാണ് പാജയപ്പെട്ടത്. മറ്റ് ഘടക കക്ഷികൾ ജില്ലാ പഞ്ചായത്ത് കൗൺസിലിൽ ഇല്ലാത്തതിനാൽ സി.പി.എമ്മും സി.പി.ഐയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ പങ്കിടും. ചടയമംഗലത്ത് നിന്ന് വിജയിച്ച സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സാം.കെ. ഡാനിയേൽ ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റാകാനാണ് സാദ്ധ്യത. രണ്ടര വർഷത്തിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.എസ്. പ്രസന്നകുമാർ പ്രസിഡന്റായേക്കും. കുണ്ടറയിൽ നിന്ന് വിജയിച്ച സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി. ബാൾഡുവിൻ, കുന്നത്തൂരിൽ നിന്ന് വിജയിച്ച പി.കെ. ഗോപൻ എന്നിവർ നിണായക അധികാര കേന്ദ്രങ്ങളിലുണ്ടാകുമെന്നും സൂചനയുണ്ട്.

 ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിൽ പതിവ് തുടരും

ചവറയൊഴികെ ജില്ലയിലെ പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലും 44 ഗ്രാമ പഞ്ചായത്തുകളിലും ഇടത് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. 2015ലെ കീഴ്‌വവഴക്കം അനുസരിച്ച് തന്നെയാകും ഇത്തവണയും അധികര വിഭജനം ഉണ്ടാവുക. സി.പി.എമ്മും സി.പി.ഐയും തമ്മിലാകും പ്രധാനമായും അധികാരം പങ്കിടുക. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കേരള കോൺഗ്രസ് (ബി) പ്രാതിനിദ്ധ്യം ഒഴിച്ചാൽ ജില്ലയിൽ മറ്റ് ഘടക കക്ഷികൾ കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ അധികര വിഭജനം പരമാവധി അസ്വാരസ്യങ്ങൾ ഇല്ലാതെ പൂർത്തീകരിക്കും. ഭൂരിപക്ഷം ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളിലും സി.പി.ഐ ആദ്യം പ്രസിഡന്റ് പദവി ഏറ്റെടുക്കാനാണ് ധാരണ. തിങ്കളാഴ്‌ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ സംബന്ധിച്ച ചർച്ചകളിലേക്ക് ഔദ്യോഗികമായി കടക്കുക.