ഓച്ചിറ: ക്ലാപ്പനയിലെ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസിന് മാത്രമെന്ന് ആർ.എസ്.പി നേതൃത്വം. കഴിഞ്ഞ ഇരുപത് വർഷം ക്ലാപ്പന ഭരിച്ചിരുന്ന യു.ഡി.എഫിന് ഇക്കുറി കനത്ത പരാജയമാണ് ഉണ്ടായത്. ആകെയുള്ള 15 സീറ്റിൽ 11 സീറ്റ് എൽ.ഡി.എഫ് നേടി ഭരണം പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫ് 2 സീറ്റും ബി.ജെ.പി 1 സീറ്റും നേടി. ഒരു സീറ്റിൽ വിജയിച്ചത് കോൺഗ്രസ് വിമതനാണ്. ആദ്യമായാണ് ബി.ജെ.പിക്ക് ക്ലാപ്പനയിൽ സീറ്റ് ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം ആർ.എസ്.പി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്ന പതിമൂന്നാം വാർഡ് ഇക്കുറി പാർട്ടിക്ക് നൽകിയില്ല. പകരം നൽകിയത് പതിനഞ്ചാം വാർഡാണ്. ഇവിടെ മത്സരിക്കുന്നതിന് ജില്ലാ കമ്മിറ്റി അംഗം ക്ലാപ്പന ഷിബുവിനെ ആർ.എസ്.പി നിയോഗിച്ചു. ഇവിടെ രണ്ട് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥികൾ ഉണ്ടായതിനെ തുടർന്ന് ക്ലാപ്പന ഷിബു പിന്മാറുകയും റിബലുകളിൽ ഒരാളെ ആർ.എസ്.പി സ്ഥാനാർത്ഥി ആക്കുകയുമായിരുന്നു. പക്ഷേ വിജയിച്ചത് റിബൽ സ്ഥാനാർത്ഥിയായ നകുലനാണ്.
ഗ്രൂപ്പ് കളിച്ച് സമയം കളഞ്ഞു
തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വരെ സീറ്റ് ചർച്ച പൂർത്തികരിക്കതെ എ, ഐ. ഗ്രൂപ്പ് കളിച്ച് കോൺഗ്രസ് നേതൃത്വം സമയം കളയുകയായിരുന്നുവെന്നും പത്ത് വർഷമായ് ജയിച്ചു വന്ന പതിമൂന്നാം വാർഡ് ചർച്ച കൂടാതെ എടുത്ത് പകരം പതിനഞ്ചാം വാർഡ് നൽകുകയായിരുന്നുവെന്നും ക്ലാപ്പന ഷിബു പറഞ്ഞു. ഭൂരിപക്ഷ സമുദയങ്ങളായ എസ്.എൻ.ഡി.പി, എൻ.എസ്.എസ് സമുദായ സംഘടനകളെ പിണക്കിയത് തോൽവിയുടെ ആക്കം കൂട്ടിയെന്നും ആർ.എസ്.പി നേതൃത്വം പറഞ്ഞു. അവലോകന യോഗത്തിൽ ക്ലാപ്പന ഷിബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ.