 
കൊല്ലം: ജില്ലാ ആശുപത്രിയിൽ കൊവിഡ് മുക്തനായ വയോധികന്റെ സംരക്ഷണ ചുമതല പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. കൊവിഡ് ബാധിതനായ ജോസഫ് ജോണിനെ ഓച്ചിറയിലെ അഭയ കേന്ദ്രത്തിൽ നിന്ന് നവംബർ 17നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദമായി മടങ്ങാൻ ഒരുങ്ങുമ്പോഴേക്കും അദ്ദേഹം താമസിച്ചിരുന്ന അഭയ കേന്ദ്രം പ്രവർത്തനം നിറുത്തിയിരുന്നു. മടങ്ങിപ്പോകാൻ ഇടമില്ലാത്തതിനാൽ രോഗമുക്തനായെങ്കിലും ജില്ലാ ആശുപത്രിയിൽ തന്നെ കഴിയേണ്ട അവസ്ഥയിലായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ ബന്ധപ്പെട്ട് ജോസഫ് ജോണിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് ഗാന്ധിഭവൻ എക്‌സിക്യുട്ടീവ് മാനേജറും മുൻ ജയിൽ ഡി.ഐ.ജിയുമായ ബി. പ്രദീപ് ആശുപത്രിയിലെത്തി ജോസഫ് ജോണിനെ ഏറ്റെടുത്തു. ജോസഫ് ജോണിനെ ഗാന്ധിഭവനിലേയ്ക്ക് യാത്രയാക്കാൻ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ആശുപത്രിയിലെത്തിയിരുന്നു.
റിട്ട. എ.സി.പി വി. അജന്തൻ, കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ അയത്തിൽ അൻസർ, കെന്നെത്ത് ഗോമസ്, മുഖത്തല സുഭാഷ്, സന്നദ്ധ പ്രവർത്തകൻ ശിവകുമാർ പട്ടത്താനം എന്നിവർ പങ്കെടുത്തു.