
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ 22ന് കൊല്ലത്തെത്തും. രാവിലെ 10.30ന് കൊല്ലം ബീച്ച് റോഡിലെ ക്വയിലോൺ ബീച്ച് ഹോട്ടലിൽ ജില്ലയിലെ വിവിധ മേഖളകളിലെ പ്രമുഖരുമായി ചർച്ച നടത്തും. ജില്ലയിലെ ഇടത് മുന്നണി നേതൃത്വം ക്ഷണിക്കുന്ന നൂറിനടുത്ത് ആളുകളാണ് ചർച്ചയിൽ പങ്കെടുക്കുക. എല്ലാവരും ജില്ലയുടെ വികസന സാദ്ധ്യതകൾ, ആവശ്യങ്ങൾ എന്നിവ സംബന്ധിച്ച എഴുതി തയ്യാറാക്കിയ കുറിപ്പ് കൊണ്ടുവരും. പങ്കെടുക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്തതിനാലാണ് കുറിപ്പ് തയ്യാറാക്കുന്നത്. ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി മറുപടി നൽകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ കൊല്ലത്തിന്റെ വികസന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഉൾപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. സാമ്പത്തിക - കാർഷിക - വ്യാവസായിക രംഗങ്ങളിലെ പ്രമുഖരെയും ക്ഷണിക്കുന്നുണ്ട്. മത - സാമുദായിക സംഘടനാ പ്രതിനിധികളെ ക്ഷണിക്കില്ലെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്.