photo
തോട്ടിന് കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച ചീപ്പ്.

കരുനാഗപ്പള്ളി: മണ്ണൽക്കടവ് കനാൽ ചീപ്പ് സംരക്ഷിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യം ശക്തം. കരുനാഗപ്പള്ളി നഗരസഭയിലെ ഒന്നാം ഡിവിഷനിലാണ് മണ്ണൽക്കടവ് ചീപ്പ് നിർമ്മിച്ചിരിക്കുന്നത്. കൃഷി ആവശ്യങ്ങൾക്ക് വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഒന്നര പതിറ്രാണ്ടിന് മുമ്പാണ് മൈനർ ഇറിഗേഷൻ വകുപ്പ് ചീപ്പ് നിർമ്മിച്ചത്. അന്ന് 3 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചെലവഴിച്ചത്.

.ഉപ്പ് വെള്ളത്തിൽ നിന്ന് കൃഷി സംരക്ഷിക്കാൻ

കാലവർഷത്തിന് ശേഷം കായലിൽ ഉപ്പ് വെള്ളമാകുമ്പോൾ തോട്ടിലൂടെ ഉപ്പ് വെള്ളം കയറി നെൽക്കൃഷിയും ഇടവിള കൃഷിയും നശിക്കുന്നത് തടയാനാണ് കായലിനോട് ചേർന്ന് കിടക്കുന്ന തോട്ടിൽ ചീപ്പ് നിർമ്മിച്ചത്. ചീപ്പ് നിർമ്മിക്കുന്നതിന് മുമ്പ് വരെ തോട്ടിലൂടെ വള്ളങ്ങൾ സാധനങ്ങളുമായി ഉൾപ്രദേശത്ത് എത്തിയിരുന്നു. ചീപ്പ് നിർമ്മാണത്തിന്റെ ഭാഗമായി തോടിന്റെ മദ്ധ്യഭാഗത്ത് കോൺക്രീറ്റ് തൂൺ നിർമ്മിച്ചതോടെയാണ് വള്ളങ്ങളുടെ വരവ് നിലച്ചത്. തോട്ടിലൂടെ വെള്ളം കയറ്റി ഇറക്കുന്നതിനായി ചീപ്പിന്റെ വശങ്ങളിൽ പൊഴിയിട്ട് പലക അടുക്കുമായിരുന്നു .ഉപ്പ് വെള്ളം കയറുന്ന സമയത്താണ് അങ്ങനെ ചെയ്തിരുന്നത്.

നഗരസഭ മുൻകൈയ്യെടുക്കണം

ഉപ്പ് വെള്ളം കയറുന്ന മാസങ്ങളിൽ സ്ഥിരമായി മണ്ണും ഷട്ടറും കൊണ്ട് ചീപ്പ് അടയ്ക്കുന്നതോടെ ഉപ്പു വെള്ളത്തെ കായൽ തീരത്ത് വെച്ച് തന്നെ തടയാൻ കഴിയും. കർഷകരും മൈനർ ഇറിഗേഷൻ വകുപ്പും ചേർന്നാണ് തുടക്കത്തിൽ ചീപ്പ് അടച്ചിരുന്നത്. കാലക്രമേണ വകുപ്പ് ഉദ്യോഗസ്ഥർ ഇതിൽ നിന്നും പിന്മാറിയതോടെ ചീപ്പ് അടയ്ക്കുന്നത് നിറുത്തി. ഇതോടെ തോട് വഴി ഉൾ പ്രദേശങ്ങളിലേക്ക് ഉപ്പ് വെള്ളം കയറി കൃഷി നശിച്ചു. ഇത്തവണ ഉപ്പ് വെള്ളം കയറുന്നതിന് മുമ്പായി നാട്ടുകാർ കോൺക്രീറ്റ് പൊഴിയിൽ പലക നിരത്തിയ ശേഷം മദ്ധ്യ ഭാഗത്ത് മണ്ണിട്ട് ചീപ്പ് അടച്ചു. ഇതോടെ ഇടവിള കൃഷി പൂർണമായും സംരക്ഷിക്കാൻ കഴിഞ്ഞതായി കൃഷിക്കാർ പറഞ്ഞു.ഇനി വരുന്ന ഉപ്പ് വെള്ള സീസണിൽ നഗരസഭ മുൻകൈ എടുത്ത് ചീപ്പ് അടയ്ക്കുന്നതിനാവശ്യമായ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.

ചീപ്പിന്റെ നിർമ്മാണത്തിൽ സംഭവിച്ച സാങ്കേതിക പിഴവ് കാരണം വള്ളങ്ങൾക്ക് തോട്ടിലേക്ക് കയറാൻ കഴിയാതായി. തോടിന്റെ വശങ്ങൾ കൈയ്യേറി തുടങ്ങിയതോടെ യാത്രക്കാർ സഞ്ചരിച്ചിരുന്ന നടവഴിയും നഷ്ടമായി. നിലവിൽ തോട്ടിന്റെ വശങ്ങളിൽ നിർമ്മിച്ചിരിക്കുന്ന കരിങ്കൽ ഭിത്തിയിലൂടെയാണ് യാത്രക്കാർ നടക്കുന്നത്. തോടിന്റെ കരയിൽ നടന്നിട്ടുള്ള കൈയ്യേറ്റം ഒഴിപ്പിക്കണം. ചീപ്പിലൂടെ ഉപ്പ് വെള്ളം കയറാതിരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണം.

വിനോദ്.ജി.കന്നേൽ

പൊതു പ്രവർത്തകൻ: