thaddesam

 ത്രിതല പഞ്ചായത്തുകളിൽ 30ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്


കൊല്ലം: ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലെ 1,596 ജനപ്രതിനിധികൾ നാളെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. ജില്ലയിൽ 1,598 തദ്ദേശ വാർഡുകളിൽ പന്മന പഞ്ചായത്തിലെ പറമ്പിൽമുക്ക്, ചോല വാർഡുകളിൽ സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതിന് സത്യപ്രതിജ്ഞയ്ക്കായി വിപുലമായ സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ഒരുക്കുന്നുണ്ട്.

ത്രിതല പഞ്ചായത്തുകളിൽ രാവിലെ 10നും മുനിസിപ്പാലിറ്റികളിലും നഗരസഭകളിലും രാവിലെ 11.30നുമാണ് സത്യപ്രതിജ്ഞ. ഭരണസമിതിയിലെ ഏറ്റവും മുതിർന്ന അംഗത്തിന് റിട്ടേണിംഗ് ഓഫീസർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനുശേഷം മറ്റുള്ള അംഗത്തിന് മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. പിന്നീട് ചേരുന്ന ഭരണസമിതിയുടെ പ്രഥമ യോഗത്തിൽ പ്രസിഡന്റ്/ മേയർ/ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. കൊവിഡ് പോസിറ്റീവാകുന്ന ജനപ്രതിനിധികൾ പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞയ്ക്ക് എത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

 ഗ്രാമ പഞ്ചായത്തുകളിൽ 1,232 അംഗങ്ങൾ

ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകളിലെ 1,232 പ്രതിനിധികൾ സത്യവാചകം ചൊല്ലി അധികാരമേൽക്കും. 30നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 44 പഞ്ചായത്തുകളിൽ ഇടത് മുന്നണിക്കും 17 പഞ്ചായത്തുകളിൽ യു.ഡി.എഫിനും രണ്ട് പഞ്ചായത്തുകളിൽ ബി.ജെ.പിക്കും ഭൂരിപക്ഷമുണ്ട്. രണ്ട് പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

 ബ്ലോക്ക് പഞ്ചായത്തുകളിൽ 152

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 152 അംഗങ്ങൾ നാളെ രാവിലെ 10ന് സത്യവാചകം ചൊല്ലി അധികാരമേൽക്കും. പത്ത് ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം നേടിയപ്പോൾ യു.ഡി.എഫിന് ചവറയിൽ മാത്രമാണ് അധികാരം ലഭിച്ചത്.

 ജില്ലാ പഞ്ചായത്തിൽ 26

26 ഡിവിഷനുകളുള്ള കൊല്ലം ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾ ജയൻ സ്‌മാരക ഹാളിൽ രാവിലെ 10ന് സത്യവാചകം ഏറ്റുചൊല്ലി അധികാരമേൽക്കും. മുതിർന്ന അംഗമായ കൊറ്റങ്കര ഡിവിഷനിലെ എൻ.എസ്. പ്രസന്നകുമാറിന് ജില്ലാ പഞ്ചായത്ത് വരണാധികാരി കളക്ടർ ബി.അബ്ദുൽ നാസർ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് 25 അംഗങ്ങൾക്ക് എൻ.എസ്. പ്രസന്നകുമാർ സത്യവാചകം ചൊല്ലിക്കൊടുക്കും. താത്കാലിക അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ പ്രഥമ ജില്ലാ പഞ്ചായത്ത് യോഗവും നടക്കും. ഡിസംബർ 30 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് 2ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.

 കോർപ്പറേഷനിൽ 55

കൊല്ലം കോർപ്പറേഷനിലെ 55 ഡിവിഷനുകളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് സി.കേശവൻ സ്മാരക ടൗൺ ഹാളിലാണ് നടക്കുക. മുതിർന്ന അംഗമായ പോർട്ട് ഡിവിഷനിലെ ജോർജ്.ഡി. കാട്ടിലിന് വരാണാധികാരിയായ കളക്ടർ ബി. അബ്ദുൽ നാസർ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് ജോർജ്.ഡി. കാട്ടിൽ മ​റ്റ് 54 അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഒരു ജനപ്രതിനിധിക്കൊപ്പം രണ്ടുപേർക്ക് മാത്രമാകും പ്രവേശന അനുമതി.

സി.പി.എം - 29, സി.പി.ഐ - 10, കോൺഗ്രസ് - 6, ആർ.എസ്.പി - 3, ബി.ജെ.പി - 6, എസ്.ഡി.പി.ഐ -1 എന്നിങ്ങനെയാണ് കക്ഷിനില.

 നഗരസഭകളിൽ 131

കരുനാഗപ്പള്ളി, പുനലൂർ, പരവൂർ, കൊട്ടാരക്കര നഗരസഭകളിലായി 131 അംഗങ്ങൾ അധികാരമേൽക്കും. ഇവരിൽ 76 പേർ ഇടത് മുന്നണിയുടെയും 42 പേർ യു.ഡി.എഫിന്റെയും 13 പേർ ബി.ജെ.പിയുടെയും പ്രതിനിധികളാണ്.