latha
മീൻ വില്പനക്കാരി ലതാ രവി ഇനി ബ്ലോക്ക് പഞ്ചായത്തംഗം

കുന്നത്തൂർ : ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ഇനി സാധാരണക്കാരന്റെ വേദനയും ആകുലതയും നന്നായറിയാവുന്ന ഒരാൾക്കൂടി. മറ്റാരുമല്ല,​ പോരുവഴി ഡിവിഷനിൽ നിന്നും ജയിച്ച യു.ഡി.എഫിലെ ലതാ രവി തന്നെ. അതിജീവനത്തിന്റെ പോരാട്ടത്തിൽ തന്നെ ആർക്കും തളർത്താനാകില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ലത. എതിർ സ്ഥാനാർത്ഥിയെക്കാൾ 783 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്.

പെട്ടി ഒട്ടോയുമായി മീൻ കച്ചവടം

നാലു വർഷം മുമ്പ് ഭർത്താവ് രവി ഹൃദയാഘാതത്താൽ മരണപ്പെടുമ്പോൾ ആകെയുള്ള സമ്പാദ്യം രണ്ട് പെൺമക്കളും ഒരു പെട്ടി ഓട്ടോയും മാത്രം.ഭർത്താവിന്റെ വേർപാടിൽ പകച്ചു പോയെങ്കിലും ലത തളർന്നില്ല.24ാം ദിവസം ഭർത്താവ് പാതിവഴിയിൽ ഉപേക്ഷിച്ച പെട്ടി ഒട്ടോയുമായി അവർ മീൻ കച്ചവടത്തിനിറങ്ങി.അതിൽ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് രണ്ട് മക്കളെയും പഠിപ്പിച്ചു.ഇതിനിടയിൽ മഹിളാ കോൺഗ്രസ് പോരുവഴി മണ്ഡലം പ്രസിഡന്റായി. മൂത്ത മകൾ രശ്മിയെ ആറ് മാസം മുൻപ് വിവാഹം കഴിച്ചയച്ചു.ഇളയ മകൾ രേഷ്മ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.സ്കൂൾ വിദ്യാഭ്യാസ കാലത്തും കൊല്ലം എസ്.എൻ വനിതാ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും മികച്ചൊരു കായികതാരമായും ലത പേരെടുത്തിരുന്നു.എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായിരുന്നതിനാൽ കായികതാരമായി കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിഞ്ഞില്ല. ജനപ്രതിനിധിയായെങ്കിലും താൻ മീൻ കച്ചവടം ഉപേക്ഷിക്കില്ലെന്ന് ലത പറയുന്നു.