c

ചാത്തന്നൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഭൂരിഭക്ഷം ലഭിക്കാത്ത ചിറക്കര ഗ്രാമ പഞ്ചായത്തിൽ ആര് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ആകെ പതിനാറ് സീറ്റുകളിൽ കോൺഗ്രസ് - 6, സി.പി.എം - 5, സി.പി.ഐ - 2, ബി ജെ പി - 2 , സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ സ്വതന്ത്രന്റെ തീരുമാനം നിർണായകമാവും. രണ്ടു മുന്നണികളും സ്വതന്ത്രനെ കൂടെക്കൂട്ടാനുള്ള നീക്കങ്ങൾ സജീവമാക്കി. സി.പി.ഐയുടെ സിറ്റിംഗ് സീറ്റിൽ നിന്ന് മത്സരിച്ച് സി.പി.ഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതിനാൽ ഇടതുപക്ഷ അനുഭാവിയായിരുന്ന സ്വതന്ത്രന്റെ പിന്തുണ തേടുന്നതിൽ സി.പി.ഐയ്ക്ക് അമർഷമുണ്ട്. സ്വതന്ത്രനെ കൂടെക്കൂട്ടിയാൽ വൈസ് പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോകുമെന്നും അവർ ഭയക്കുന്നു. സ്വതന്ത്രന്റെ പിന്തുണ കോൺഗ്രസിന് ലഭിച്ചാൽ ഇടത് - വലത് മുന്നണികൾ 7 പേരുടെ പിന്തുണയുമായി തുല്യശക്തികളാകും. ഇവിടെ ബി.ജെ.പി അംഗങ്ങളുടെ നീക്കം നിർണായകമാണ്. അവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ ഞറുക്കിട്ട് ഭാരവാഹികളെ കണ്ടെത്തണം. ചിറക്കരയിൽ കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് 13 സീറ്റുകളും ബി.ജെ.പിക്ക് 2 സീറ്റുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ് 6 സീറ്റുമായി നില മെച്ചപ്പെടുത്തി.