c
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ഫിഷിംഗ് ഹാർബറിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന മത്സ്യബന്ധന തൊഴിലാളികൾ

കൊല്ലം: തിരുപ്പിറവിയുടെ വരവറിയിച്ച് നാടെങ്ങും ക്രിസ്‌മസ് നക്ഷത്രങ്ങൾ തെളിഞ്ഞതോടെ നഗരം ക്രിസ്‌മസ് വിപണിയിലേക്ക് വഴി മാറുന്നു. വൈകുന്നേരങ്ങളിലെ വർണ നക്ഷത്രങ്ങളും സംഗീതവും വിപണിയുടെയും സമൂഹത്തിന്റെയും അതിജീവന ഊർജമായി മാറുകയാണ്. കേക്കും വൈനും നക്ഷത്രങ്ങളും പുൽക്കൂടുകളും വിപണിയിലേക്ക് വൻ തോതിൽ എത്തുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. ഇതിനോടൊപ്പം ക്രിസ്‌മ‌സ് പുതുവത്സര വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളും കാത്തിരിക്കുകയാണ്.

ക്രിസ്‌മസ് പാപ്പമാരുടെ വേഷങ്ങളും മുഖംമൂടികളും വിൽക്കുന്ന വഴിയോര വിപണന കേന്ദ്രങ്ങളും സജീവമായി. തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപന നിരക്ക് ഉയർന്നേക്കാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകൾക്കിടയിലും ജനങ്ങൾ വിപണിയിലേക്ക് എത്താൻ തയ്യാറാകുന്നുണ്ട്.

അതിജീവനത്തിന്റെ ക്രിസ്‌മസ്

കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കൊവിഡ് കെടുതികളെ മറികടന്നെത്തുന്ന ക്രിസ്മസ് ആഘോഷിക്കാനായി കാത്തിരിക്കുകയാണ് ജനങ്ങൾ. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇതുവരെ കരോൾ സംഘങ്ങൾ രംഗത്തിറങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ക്രിസ്മസ് പാപ്പയും കരോൾ സംഘങ്ങളും ഓരോ വീട്ടിലും പ്രതീക്ഷയുടെ സന്ദേശവുമായി എത്തിയേക്കും. വിവിധ യുവജന കൂട്ടായ്മകളും ക്ലബുകളും കരോൾ സംഘങ്ങളെ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്.

പ്രതീക്ഷയോടെ വ്യാപാരമേഖല

കഴിഞ്ഞ രണ്ട് മാസത്തിനിടെ ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മാറിയതും തൊഴിലിടങ്ങൾ സജീവമായതും ഉപഭോക്താക്കളുടെയും വിപണിയുടെയും മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഓണം, ജൂണിലെ സ്‌കൂൾ വിപണി, പെരുന്നാൾ, വിഷു തുടങ്ങി വലിയ വിപണനം നടക്കേണ്ടിയിരുന്ന ഒട്ടനവധി അവസരങ്ങളാണ് വ്യാപാര മേഖലയ്‌ക്ക് നഷ്‌ടമായത്. ക്രിസ്‌മസ് വിപണി കൂടി കൈവിട്ടാൽ വ്യാപാര മേഖലയിലെ പ്രതിസന്ധി വർദ്ധിക്കും.