bomb

പത്തനാപുരം: തലവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച സി.പി.എം വിമത സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബേറ്. പാണ്ടിത്തിട്ട ചരുവിള വീട്ടിൽ മനോജിന്റെ വീടിന് നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്. കുപ്പിയിൽ പെട്രോൾ നിറച്ച് തീകൊളുത്തി വീട്ടിലേക്ക് എറിയുകയായിരുന്നു. കുപ്പിച്ചില്ലുകൾ ചിന്നിച്ചിതറിയ നിലയിലാണ്. സ്‌ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. രണ്ടുതവണ പെട്രോൾ ബോംബെറിഞ്ഞതായി മനോജ് പറഞ്ഞു. സി.പി.എം പ്രവർത്തകനായ മനോജ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പാണ്ടിത്തിട്ട വാർഡിൽ മത്സരിച്ചിരുന്നു. പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക സി.പി.എം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അക്രമത്തിന് പിന്നിൽ ഇവരാണെന്നും മനോജ് ആരോപിച്ചു. മനോജ് അടക്കമുള്ള ചിലരെ സി.പി.എം തലവൂർ ലോക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.