ചവറ: മുന്നണി സ്ഥാനാർത്ഥികൾ പോലും വൻ പരാജയം ഏറ്റുവാങ്ങിയിട്ടും അടിപതറാതെ ആയിരത്തിലധികം വോട്ടുകൾ നേടി തല ഉയർത്തി നിന്ന ഒരു സ്വതന്ത്രനുണ്ട് ചവറയിൽ. ചവറ ബ്ലോക്ക് പഞ്ചായത്ത് കോവിൽത്തോട്ടം ഡിവിഷനിൽ നിന്ന് മത്സരിച്ച ആനേപ്പിൽ ബ്രിജേഷ് എസ്. നാഥ്. ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ പിൻബലമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച ബ്രിജേഷ് 1075 വോട്ടുകൾ നേടി. ചെറുശ്ശേരി ഭാഗം, കോവിൽത്തോട്ടം, മേക്കാട്, ചിറ്റൂർ, പൊന്മന, കരിത്തുറ എന്നിങ്ങനെ അഞ്ച് വാർഡുകൾ ചേർന്നതാണ് കോവിൽത്തോട്ടം ഡിവിഷൻ. ഓരോ വാർഡുകളിലും ശരാശരി 180ഓളം വോട്ടുകൾ ബ്രിജേഷ് എസ് നാഥിന് നേടാനായി എന്നതും ശ്രദ്ധേയമാണ്. ബ്രിജേഷിനെ തങ്ങൾക്കൊപ്പം ചേർത്ത് നിറുത്താനുള്ള ശ്രമങ്ങളിലാണ് ഓരോ പാർട്ടികളും. സി. പി .എം, യു.ഡി.എഫ്, ബി .ജെ .പി തുടങ്ങി ഒട്ടുമിക്ക പാർട്ടികളും തങ്ങളോടൊപ്പം ചേരണമെന്ന ആവശ്യവുമായി ഇതിനോടകം ബ്രിജേഷിനെ സമീപിച്ചിട്ടുണ്ട്. ചവറയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക രംഗത്തും സജീവമായിട്ടുള്ള ബ്രിജേഷ് എസ് .നാഥിന്റെ സ്വാധീനം തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പല പാർട്ടികളും. അതേസമയം ഉചിതമായ സമയത്ത് കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിയ്ക്കുമെന്നും ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും ചവറയിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഏതു കാര്യത്തിനും സജീവമായി താൻ ഉണ്ടാകുമെന്നും ബ്രിജേഷ് പറഞ്ഞു.